Thursday 25 August 2011

Google

o
ഗുരുദര്‍ശനം: സ്ഥിതി സമത്വത്തിലേക്കുള്ള പാത
“ഗുരു ദര്‍ശനം” ചര്‍ച്ച ചെയ്യേണ്ടുന്ന ഈ പുണ്യ ദിനത്തില്‍ “ഗുരുദേവന്‍ ഈഴവന്റെതോ” എന്ന മറു ചോദ്യം ആരെയും ചൊടിപ്പിച്ചേക്കാം.

തെക്കെന്‍ ജില്ലകളില്‍ കവലകള്‍ തോറും സിമന്റ് കൊണ്ട് നിര്‍മിച്ച് കുടിയിരുത്തിയിരിക്കുന്ന ശ്രി നാരായണ ഗുരു ദേവ ശില്‍പ്പത്തിന് മഞ്ഞപ്പുതപ്പുടുപ്പിച്ച് ഈഴവ ജാതി സംഘടനയായ എസ്എന്‍ഡിപി യോഗത്തെ കൊഴുപ്പിക്കുന്നവരോട്് ഈ ചോദ്യം ചോദിക്കാതെ നിര്‍വാഹമില്ല. ഈ വക ഏര്‍പ്പാടുകള്‍ കാസര്‍ഗോഡ് ജില്ലയില്‍ വിരളമാണെങ്കിലും അതിന്റെ ശ്രമം തുടരുന്നു.
ബാലപാഠം
ഗുരുവിന്റെ ഓര്‍മ്മകള്‍ക്ക് ചരിത്രത്തില്‍ ജീവനേകാന്‍ ഏതു തരത്തിലുള്ള സ്മാരകമാണ് പണിയേണ്ടതെന്ന് സമാധിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശിഷ്യന്മാര്‍ ചോദിച്ചിരുന്നു. ശിഷ്യരുടെ ചോദ്യത്തില്‍ അത്ഭുതം കൂറിയ ഗുരു നിര്‍ബന്ധമാണെങ്കില്‍ അറിവിന്റെ പ്രതീകമായ “പുന്നമരത്തൈ” വെച്ചു പിടിപ്പിക്കാനാണ് ഉപദേശിച്ചത്.


തീയ്യരടക്കം അടിയാര്‍ക്കും മലവേട്ടുവര്‍ക്കും തല ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നതിനാവശ്യമായ അനേകം പ്രക്ഷോപങ്ങള്‍ക്ക് നേത്യത്ത്വം നല്‍കിയ കര്‍മ്മശേഷിയില്‍ വാര്‍ത്തെടുത്ത വിമോചന പോരാളിയായിരുന്നു അയ്യന്‍ കാളി. അവര്‍ണ്ണരുടെ വീട്ടില്‍ നിന്നും പച്ച വെള്ളം പോലും കുടിക്കാന്‍ മടിക്കുന്ന ഈഴവനെ ഇന്നും നമുക്കിടയില്‍ കാണാം. ക്ഷേത്ര പ്രവേശന വിളംബരം നടപ്പിലായി കാലമേറെയായിട്ടും അമ്പലങ്ങളുടെ അകത്തളങ്ങളില്‍ പ്രവേശിക്കാന്‍ മടിക്കുന്ന തീയ്യരടക്കമുള്ള നിരവധി കീഴാളന്മാര്‍ നമ്മോടൊപ്പം ജീവിക്കുന്നു. ഭക്തി കാട്ടി പേടിപ്പിച്ച പോയ തലമുറയിലെ തമ്പ്രാക്കന്മാരാണ് ഇതിനുത്തരവാദി. നാരായണ ഗുരുവും അയ്യന്‍കാളിയും വാഗ്ഭടനും ഉയര്‍ത്തി വിട്ട വിമോചന പോരാട്ടത്തിന്റെ വിപ്ലവ ജ്വാലയുടെ തീക്കനലേല്‍ക്കാത്ത അന്ധകാരജഡിലമായ നിരവധി ഈഴവര്‍ ഇന്നും നമുക്കു ചുററുമുണ്ട്. അവരുടെ മനസിനെ പുനരധിവസിപ്പിക്കുക എന്നുള്ളതാണ് ഗുരു ദര്‍ശനത്തിന്റെ നാള്‍വഴികള്‍ ചര്‍ച്ച ചെയ്യേണ്ടുന്നതും നാം പഠിക്കേണ്ടുന്നതുമായ ബാലപാഠം.
ഗുരുവിന്റെ ആഹ്വാനവും വിദ്യാഭ്യാസ സമിതിയുടെ പിറവിയും
19ാം നൂറ്റാണ്ടിന്റെ അന്ത്യ പാദങ്ങളില്‍ നവോദ്ധാനത്തിന്റെ ശുക്ര നക്ഷത്രമായി മണ്ണില്‍ പിറന്നു വീണ പ്രവാചകനായ ഗുരു “വിദ്യ കൊണ്ടു പ്രബുദ്ധരകാനും സംഘം കൊണ്ട് ശക്താകാനും” ജനങ്ങളോട് ഉപദേശിച്ചു. മഹാഭാരതത്തിലെ കൊച്ചു സംസ്ഥാനമായ കേരളത്തില്‍ സാംസ്‌ക്കാരിക വിപ്ലവത്തിന് വിത്ത് പാകിയത് ഈ ആഹ്വാനമാണ്. ഇതിന്റ പിന്‍ബലമായാണ് പ്രാചീന കേരളം പ്രബുദ്ധ കേരളമായത്. പാലക്കുന്ന് ശ്രി ഭഗവതീക്ഷേത്ര വിദ്യാഭ്യാസ സമിതി ഈ നാട്ടിലെ വിദ്യാഭ്യാസ മേഘലയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ആരംഭം കുറിച്ചതും ഗുരുദേവന്റെ പ്രബോധനം കൊണ്ടാണ്. 1968ല്‍ അന്നത്തെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളായ കേവീസ് കുഞ്ഞി കോരന്‍, ഗോപാന്‍ മാസ്റ്റര്‍, കുഞ്ഞപ്പ മാസ്റ്റര്‍, കൂവ്വത്തൊട്ടി അപ്പ, കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ തുടങ്ങിയവരുടെ പരിശ്രമഫലമായാണ് അന്നത്തെ വിദ്യാഭ്യാസ ദാരിദ്രത്തിനറുതി വന്നത്. പത്താം ക്ലാസുവരെയുള്ള പഠനം പോലും അന്യം നിന്ന അക്കാലത്ത് ഉപരി പഠനത്തിന് സാമ്പത്തികമായി സഹായിക്കാന്‍ വരെ സമിതിക്കായി. ഓരോ വീട്ടില്‍ നിന്നും ഒരു തെങ്ങിലെ തേങ്ങ വിദ്യാ ദേവിക്ക് മുമ്പില്‍ കാണിക്ക വെച്ചാണ് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചതെന്ന് കുടി ഓര്‍ക്കുമ്പോള്‍ ഗുരുദേവന്റെ “വിദ്യ കൊണ്ട് സമ്പന്നമാവു” എന്ന ആഹ്വാനം പാലക്കുന്ന് വിദ്യാഭ്യാസ സമിതി എത്ര ഉയര്‍ന്ന ബോധത്തോടെ ഉള്‍കൊണ്ടുവെന്ന് അനുമാനിക്കാം

ക്ഷേത്രങ്ങളിലല്ല, വിദ്യാലയങ്ങളിലാണ് ദൈവമിരിക്കുന്നതെന്ന് ഗുരു പറഞ്ഞു. ജാതിമതഭേതമന്യെ സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന് ആഹ്വാനം നല്‍കിയത് ഗുരുവായിരുന്നു. അടിയാരുടെ കുട്ടികളെ അവര്‍ണ്ണരുടെ കുട്ടികളൊടൊപ്പം ഇരുത്തി പഠിപ്പിക്കില്ലെന്ന് തര്‍ക്കിച്ച നാട്ടു പ്രമാണിമാരുടെ മുഷ്‌ക്കിനു മുമ്പില്‍ ഗുരുദേവന്റെ നിശ്ചയദാര്‍ഡ്യവും അയ്യങ്കാളിയുടെ കരുത്തും കൂട്ടിച്ചേര്‍ന്നപ്പോള്‍ “വിദ്യാഭ്യാസ അവകാശ പ്രഖ്യാപനം” എന്ന ചരിത്ര ബില്ല് ഉടലെടുത്തു. ഈ നിയമത്തിന്റ പിന്‍പറ്റിയാണ് പിന്നിട് ഇന്നത്തെ വിദ്യാഭ്യാസ നിയമങ്ങള്‍ കരുപ്പിടിപ്പിച്ചത്. ആരോഗ്യപരമായ പൗരസമൂഹം കെട്ടിപ്പടുക്കാന്‍ ഗുരു നടത്തിയ ത്യാഗോജ്വലമായ ചെറുത്തു നില്‍പ്പിന്റെ ഒടുക്കമാണ് ഇന്നത്തെ സാക്ഷര കേരളത്തന്റെ പിറവി
മാറു മറക്കാനുള്ള അവകാശം നേടികൊടുത്ത ഗുരു
കീഴ് ജാതി സ്ത്രീകള്‍ക്ക് മാറു മറക്കാനുള്ള അവകാശമില്ലായിരുന്നു. ബാല്യദശയില്‍ തന്നെ വിവാഹിതനായി അടുത്തദിവസം വീടു വിട്ട് ഇറങ്ങിപ്പോയ ഗുരു കീഴാള യുവതികളുടെ മാറു മറക്കാനായി നടത്തിയ പ്രത്യക്ഷ സമരമാണ് പിന്നീട് “ചാണാര്‍” ലഹളയായി ചരിത്ര പുസ്തകത്തില്‍ ചേര്‍ത്തു വെച്ചത്. സ്വന്തം ഭാര്യയുടേയും, സഹോദരിയുടേയും, മകളുടേയും മാറിന്റെ ചൂട് മേലാളര്‍ക്ക് സ്വന്തമാകുന്ന കാലത്തിനറുതി വരുത്തിയത് ഗുരുവെന്ന നിത്യബ്രഹ്മചാരിയുടെ മനക്കരുത്തും, അയ്യങ്കാളിയുടെ നിശ്ചയ ദാര്‍ഡ്യവും കൊണ്ടു മാത്രമായിരുന്നു.
പുരോഗമന കലാ സാഹിത്യ സംഘം
കാറല്‍ മാര്‍ക്‌സ് തൊടുത്തു വിട്ടതും ( 1818-1883) ഗുരു ഉയര്‍ത്തി കൊണ്ടു വന്നതുമായ “മതത്തെ മറന്നേക്കു.. മനുഷ്യനായി ജീവിക്കു..” എന്ന മാര്‍ക്‌സിയന്‍ കാഴ്ച്ചപ്പാടില്‍ നിന്നുമുള്ള ഉള്‍വിളിയാണ് പില്‍ക്കാല പുരോഗമന കലാ സാഹിത്യ ശാഖയെ തകഴി, ബഷീര്‍, പൊറ്റക്കാട്, കേശവദേവ്, ഇടശ്ശേരി, വൈലോപ്പള്ളി, കുമാരനാശാന്‍ തുടങ്ങയവര്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. അക്ഷരലോകം അതു വരെ മേല്‍പ്പത്തൂരും, ചെശ്ശേരിയും, എഴുത്തച്ഛനും മറ്റു ഏതാനും ആഢ്യന്മാരും തറവാട്ടു വകയായി കൈവശം വെച്ചനുഭവിച്ചുവരികയായിരുന്നു. “പ്രാസ”മൊപ്പിച്ചുള്ള സാഹിത്യ ശില്‍പ്പങ്ങളെ മാത്രമെ അവര്‍ സൃഷ്ടിയായി അംഗീകരിച്ചുള്ളു. അതിനുള്ള മകുടോദാഹരണമാണല്ലോ പുന്താനത്തിന്റെ ജ്ഞാനപ്പാനയെ മേല്‍പ്പത്തൂര്‍ തള്ളിപ്പറഞ്ഞതും, കൃഷ്ണന്റെ അതൃപ്തിക്ക് പാത്രമാകയാല്‍ തളര്‍ വാദം (പരാലിസിസായി) പിടിച്ച് കിടപ്പിലായതും. സാഹിത്യ ലോകത്തെ സവര്‍ണരുടെ കൈകളില്‍ നിന്നും മോചിപ്പിക്കാന്‍ ആശയം കൊണ്ട് പൊരുതിയത് ഗുരുവായിരുന്നു. ഭഗവത് ഗീത കൈകൊണ്ട് തൊട്ടാല്‍ കണ്ണു പൊട്ടിപ്പോകുമെന്ന് വരെ അവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. ഗുരു നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായാണ് സാധരണക്കാരന്റെ കലയായ ആധുനിക കലാ സാഹിത്യ ശാഖയെ പിന്‍പ്പറ്റി പുരോഗമമന കലാ സാഹിത്യ സംഘവും അതുവഴി രണ്ടിടങ്ങഴിയും, തോട്ടിയുടെ മകനും എംടിയുടെയും മുകുന്ദന്റെയും കഥാപാത്രങ്ങളും കലാലോകത്തേക്ക് കടന്നു വന്നത്.
ഗുരുദര്‍സനം
ആദ്ധ്യാത്മിക തേജസിന്റെ അപാരതയും, ഭൗതിക ജീവിതത്തിന്റെ അടിസ്ഥാന പ്രായോഗികതയുടെ സമന്വയമാണ് ഗുരുദര്‍ശനം. ആദ്ധ്യാത്മിക വിജ്ഞാന ദാഹികള്‍ക്ക് വിദ്യാ സമ്പത്തും, ഭൗതിക-ഗാര്‍ഹിക-സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ഗുരുവിന്റെ ചിന്താ ധാരയില്‍ നിന്നും ഉറവ പൊട്ടുന്ന ഉപദേശങ്ങളും ഒരേ സമയത്ത് ഗുരു ദര്‍ശനത്തില്‍ കാണാം. അതു കൊണ്ടു തന്നെ നവോദ്ധാന നായകന്‍ എന്നതിലുപരി കേരളത്തെ സമ്പന്ധിച്ച് പുതുയുഗ പ്രവാചകനായി ഗുരുവിനെ വിലയിരുത്തപ്പെടുന്നു.

വേദാന്തത്തിന്റെ അവസാന പടവിലെത്തിയ സത്യത്തിന്റെ സാക്ഷാത്ക്കാരമായ ഗുരുദേവന്‍ ആഢ്യ ബ്രാഹ്മണര്‍ ബന്ധനസ്ഥനാക്കിവെച്ചിരുന്ന മന്ത്രോച്ഛാരണങ്ങളുടേയും, വേദങ്ങളുടേയും ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് അവയെ സ്വതന്ത്രമായി മേയാനനുവദിച്ചു. ഇത്തരുണത്തില്‍ വിദ്യകൊണ്ട് വെളിച്ചമേകിയവരില്‍ ഒരു പക്ഷെ ഗുരു ഭാരതത്തില്‍ത്തന്നെ ആദ്യസാമുഹ്യ പരിഷ്‌ക്കര്‍ത്താവായിരിക്കാം.

വിദ്യയാണ് ദേവാലയമെന്ന് പറഞ്ഞു നടന്ന ഗുരു 56ഓളം വിഗ്രഹ പ്രതിഷ്ഠകള്‍ നടത്തിയിരുന്നു. ഭക്തരുടെ താല്‍പ്പര്യത്തിനൊത്ത് വിഗ്രങ്ങള്‍ പ്രതിഷ്ഠിക്കുമ്പോഴും കെടാവിളക്കും, കണ്ണാടിയും പ്രതിഷ്ഠ നടത്താനായിരുന്നു ഗുരുവിന് കുടുതല്‍ താല്‍പര്യം. പാലക്കുന്ന് ശ്രി ഭഗവതീ ക്ഷേത്ര ഭണ്ഡാര വീട്ടിലെ ശ്രീകോവിലില്‍ കെടാവിളക്കാണ് മൂല പ്രതിഷ്ഠ. ഇത് മനസ്സിലാവാഹിച്ചാണ് ഭ്കതര്‍ സായുജ്യമടയുന്നത്. ദീപത്തിലേക്കു പകരുന്ന എണ്ണയാണ് ഇവിടുത്തെ പ്രധാന വഴിപാട്. പിന്നെ കുട്ടം, അടിച്ചു തെളിക്കല്‍ തുടങ്ങിയ സമൂഹ സദ്യയും. ഗുരു ദര്‍ശനത്തിന്റെ ഉദാത്തമായ മാതൃകയാണിത്. ക്ഷേത്രത്തിലെ പന്തല്‍ മംഗലമെന്ന അനാചാരം ഇല്ലായ്മ ചോയ്തത് ഗുരു ദര്‍ശനത്തിന്റെ പാത പിന്‍തുടര്‍ന്ന പിതാമഹന്മാരാലാണ്. അവര്‍ തന്നെ തിരെണ്ടു കുളിയും വേണ്ടെന്ന് വെച്ചു. മുന്‍കാലത്ത് ക്ഷേത്രത്തല്‍ കലശ നിവേദ്യമായി കള്ളായിരുന്നു നേദിച്ചിരുന്നത് . 1948ന് ശേഷം കള്ളിനു പകരം ഇളനിര്‍ തീര്‍ത്തം കലശ തീര്‍ത്തമായി അംഗീകരിച്ചു. ഇങ്ങനെ ഗുരു ദര്‍ശനളെ ി പ്രായോഗിക മേഘലകളിലേക്ക് എഴുന്നെള്ളിച്ച് ഇതര ക്ഷേത്രങ്ങള്‍ക്ക് മാതൃക കാട്ടാന്‍ ഭരണ സമിതിക്കും, വിദ്യാഭ്യാസ സമിതിക്കും കഴിഞ്ഞിട്ടുണ്ട്. അക്ഷര ജ്ഞാനം കൊണ്ട് കേവല നിരക്ഷരരാണെങ്കിലും കഴിവുകള്‍കൊണ്ടും സംഘബലം കൊണ്ടും സമിതിയെ നേരെ നടത്താന്‍ പ്രാപ്തിയുള്ള കഴകത്തിന്റെ അനിഷേദ്ധ്യനും മുന്‍ ജനപ്രതിനിധിയും മറുവാക്കില്ലാത്ത ഇടതു സഹയാത്രികനുമായ പി.വി ഭാസ്‌ക്കരനാണ് വിദ്യാഭ്യാസ സമിതിയുടെ നിലവിലുള്ള അദ്ധ്യക്ഷന്‍. ഗുരു ദര്‍ശനങ്ങളെ സ്വാംശീകരിച്ച് ജനഹിതമാക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കുമെന്നതിന്റെ തെളിവുകള്‍ അനുഭവങ്ങളുടെ പ്രകാശത്തില്‍ അനുവാചകര്‍ക്ക് നേരില്‍ കാണാനാവും.
വിഗ്രഹാരാധന
1904ല്‍ വിദുരന്‍ കണിയില്‍ കുഞ്ഞിക്കണ്ണന്റെ (ശിരസ്ത്രാര്‍) ശ്രമഫലമായാണ് തലശേരിയിലെ ജഗന്നാഥ ക്ഷേത്രം പിറവി കൊള്ളുന്നത്. കുമാരനാശാനെയായിരുന്നു നടത്തിപ്പിന്റെ ചുമതല. നാട്ടുകാര്‍ ചേര്‍ന്ന് ജ്ഞാനോദയ കമ്മറ്റിക്ക് രുപം കൊടുത്ത് പ്രവര്‍ത്തനം തുടങ്ങി. 4 വര്‍ഷം കൊണ്ട് 7500 രുപ പിരിച്ചെടുത്താണ് ക്ഷേത്ര നിര്‍മാണം പുര്‍ത്തീകരിച്ചത്. മലബാറിലെ പിന്നോക്ക സമുദായത്തിന്റെ ആദ്യത്തെ ക്ഷേത്രമാണ് ഇത്. 1908 ഫെബ്രുവരി 13നാണ് ഗുരുദേവന്‍ ഇതിന്റെ പ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിച്ചത്.

ഗുരു ജീവിച്ചിരിക്കേ തന്നെ ഗുരുവിന്റെ വിഗ്രഹ പ്രതിഷ്ഠയും ഇവിടെ സ്ഥാപിക്കപ്പെട്ടു.
വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്നത് ഗുരുവിന് താല്‍പര്യമുള്ള കാര്യമല്ല. വിഗ്രഹങ്ങള്‍ ഭക്തി ചുരത്തുന്ന ദുര്‍മ്മേദസ്സാണെന്ന് പറയുന്ന ഗുരു സവര്‍ണ്ണ മേധാവികള്‍ക്ക് കൈവശം വെച്ച് അനുഭവിക്കാനുള്ള അവകാശം മാത്രമല്ല പ്രതിഷ്ഠയെന്ന് ഈഴവ ശിവനെ പ്രതിഷ്ഠിച്ച് കാണിച്ചു കൊടുത്തു.

വിഗ്രഹാരാധന അബദ്ധജഢിലവും, അന്ധവിശ്വാസ പൂരിതവുമാണെന്ന് ഗുരു തിരിച്ചറിഞ്ഞിരുന്നു. കേരളത്തിലങ്ങോളമിങ്ങോളവും, മദ്രാസ്, മൈസൂര്‍ സിലോണ്‍ തുടങ്ങിയ സ്ഥലങ്ങളിലും ഗുരുദേവന്‍ ക്ഷേത്ര പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.

വിഗ്രഹാരാധനയെ എതിര്‍ക്കുന്ന ഗുരുദേവന്‍ തന്നെ വിഗ്രഹങ്ങള്‍ നാടു നീളെ വിഗ്രഹപ്രതിഷ്ഠ നടക്കുന്നത് ആത്മവഞ്ചനയല്ലെയെന്ന് ഒരിക്കല്‍ വാഗ്ഭടാനന്ദന്‍ ഗുരുവിനോടാരാഞ്ഞു. ഗുരുവായുര്‍, വൈക്കം തുടങ്ങിയ സവര്‍ണ്ണ മേധാവികളുടെ അമ്പലങ്ങളില്‍ വിഷ്ണു ശിവ പാര്‍വ്വതിമാരുടെ (എതിര്‍ക്കപ്പെടേണ്ടുന്ന) വിഗ്രഹാരാധനയാണ് നടക്കുന്നത്. ഇത്തരം ആരാധനകളും, പുജകളും മരിക്കുന്നതിനു മുമ്പെ നഗ്ന നേത്രങ്ങള്‍ കൊണ്ട് ഒരു തവണയെങ്കിലും കണ്ട് സായുജ്യമടയണമെന്ന് കൊതിക്കുന്ന അജ്ഞാനികളായ ഭക്തര്‍ക്ക് കണ്ണാടി പ്രതിഷ്ഠ കൊണ്ട് ഉദ്ദേശിച്ച തൃപ്തി കൈവരില്ലെന്ന് ഗുരു മറുപടിയായി പറഞ്ഞു. ഗുരു ജീവിതത്തിന്റെ അവസാന കാലത്ത് നീണ്ട 16 വര്‍ഷത്തോളം താമസമുറപ്പിച്ചതും, നിത്യ പുജ നടത്തിയതുമായ ആലുവയില്‍ ഒരു വിഗ്രഹവും പ്രതിഷ്ഠിച്ചിരുന്നില്ലെന്ന് മാത്രമല്ല, പാലക്കുന്നിലെ ഭണ്ഡാര വീട്ടിനെ പോലെ “കെടാ വിളക്കാ”യിരുന്നു അവിടുത്തെ പ്രതിഷ്ഠ. കാലം മാറി വരും, വിഗ്രഹങ്ങള്‍ തച്ചുടക്കപ്പെടും. അവിടുങ്ങളിലൊക്കെ വിദ്യായലങ്ങളും വായന ശാലകളും ഉയര്‍ന്നു വരും. ഇതായിരുന്നു ഗുരു സ്വപ്നം കണ്ടിരുന്നത്. നിര്‍ഭാഗ്യവശാല്‍ സാക്ഷര ജനത അന്ധവിശ്വാസ ജഢിലമായ വിഗ്രഹാരാധനയുടെ കൂടെ കുടുതല്‍ വേഗത്തില്‍ നടന്നടുക്കുന്നതാണ് പ്രബുദ്ധ കേരളം കണ്ടത്. ദേവാലയങ്ങള്‍ക്ക് പകരം തച്ചുടക്കപ്പെട്ടത് വായന ശാലകളാണ്. ഒരോ വിദ്യാകേന്ദ്രങ്ങളും കവലകളും രുപം കൊണ്ട് വികൃതമാക്കപ്പെട്ട അയ്യപ്പനും സിമന്റ് ഗുരുവും കൊണ്ട് നിറഞ്ഞു. അയ്യപ്പന്റെ ഹൈടെക് ഭക്തിക്കു മുമ്പില്‍ കേരളം കുമ്പിട്ടു. വിഗ്രഹാരാധന പടിപടിയായി അവസാനിപ്പിക്കണമെന്നും കണ്ണാടിയും കെടാദീപവുമായിരിക്കണം പ്രതിഷ്ഠയെന്നും ഗുരു മരണ സമയത്തും ഉപദേശിച്ചിരുന്നു. എനിക്ക് പറ്റാത്തത് നിങ്ങള്‍ ചെയ്യ്തു തീര്‍ക്കണമെന്ന് ശിക്ഷ്യരോടായി ഗുരു പറഞ്ഞു. ശുദ്ധിയുള്ള കാവുകളും അരുവി പ്രദേശവും പുന്തോട്ടവും, മരങ്ങളും, പുസ്തകങ്ങളും ധാരാളം കാറ്റുമുള്ളിടത്ത് ദൈവമുണ്ടെന്നാണ് ഗുരു പഠിപ്പിച്ചത്. അമ്പലങ്ങളിലും മറ്റും നടന്നു വരുന്ന വിവിധ പുജാ വിധികള്‍ സവര്‍ണ സമൂഹത്തിന്റെ നീച പ്രവര്‍ത്തിയായി ഗുരു കണ്ടു. ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ഗുരു കഴിവത് ശ്രമിച്ചിട്ടുണ്ട്.
വിഗ്രഹത്തോടും പ്രതിമകളോടും ഭക്തര്‍ക്ക് എന്നും അഭിനിവേശമാണ്. നേരില്‍കാണുന്നതിനേക്കാള്‍ കൂടുതല്‍ വിശ്വാസവും, ഭക്തിയും ബിംബങ്ങളോടാണ്. ഇത് ഭക്തരുടെ കേവല ദുര്‍ബലതായണ്. നമുക്ക് ബിംബങ്ങളെയല്ലാ ആദര്‍ശങ്ങളെയാണ് പുജിക്കേണ്ടതെന്ന് ഗുരു പറയും. ഒരിക്കള്‍ ഗുരുവിനൊരു അനുഭവമുണ്ടായി . മുരിക്കുന്‍ പുഴയില്‍ “സത്യം ധര്‍മ്മം ദയ ശാന്തി” എന്നെഴുതിയ ശിലാഫലക പ്രതിഷ്ഠയുടെ വാര്‍ഷികം സമ്പന്ധിച്ച് പ്രഭാഷണം നടക്കുന്നു . ഗുരു പ്രസംഗപീഠത്തില്‍. ധാരാളം കേള്‍വിക്കാരും. വിഗ്രഹവും, കരിങ്കല്‍ ബിംബവും ആരാധിക്കുന്നതിലെ ആനാചാരങ്ങളായിരുന്നു വിഷയം. ഗുരു പറഞ്ഞു . നമുക്കിനി വിഗ്രഹങ്ങള്‍ വേണ്ട പകരം ആദര്‍ശങ്ങളെ പുജീക്കാം. ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ള ജീവിതമേ ലക്ഷ്യ പ്രാപതിയിലെത്തുകയുള്ളു. നേരം സന്ധ്യയായി. പ്രഭാഷണം തീര്‍ന്നില്ല. തൊട്ടടുത്തുള്ള ഗുരു മന്ദിരത്തു നിന്നും മണിമുഴങ്ങി. അവിടെ ഗുരുവിന്റെ ഫോട്ടോ വെച്ചുള്ള ആരാധനയുണ്ട്. നിത്യ പുജയുമുണ്ട്. പൂജക്കുള്ള സമയമായി എന്ന് കണ്ട് മൈതാനത്തു തടിച്ചു കുടിയ കേള്‍വിക്കാര്‍ ഏഴുന്നേററ് ഗുരു മഠത്തിലേക്ക് ഓടി. പ്രസംഗ മണ്ഡപത്തില്‍ ഗുരു തനിച്ചായി. വിഗ്രഹാരാധന ജനമനസ്സില്‍ നിന്നും എളുപ്പത്തില്‍ മായ്ക്കാനാവാത്തതാണെന്ന് ഗുരു തിരിച്ചറിഞ്ഞെങ്കിലും മുരിക്കുന്‍ പുഴയിലെ പ്രതിഷ്ഠക്ക് ശേഷം ഗുരു വിഗ്രഹ പ്രതിഷ്ഠ നടത്തിയിട്ടില്ല. പിന്നീട് ആ ചുമതല ബോധാനന്ദനായിരുന്നു. വെട്ടും തോറും കിളിര്‍ത്തു വരുന്ന മുടിപോലെയാണ് വിഗ്രഹാരാധനയെന്ന് ഒരിക്കല്‍ ഗുരു സഹതപ്പിച്ചിരുന്നു.

1924 മുതല്‍ ആലുവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഗുരദേവന്‍ പിന്നീടുള്ള പ്രവര്‍ത്തന മണ്ഡലം ആലുവയാക്കി . ഇവിടെയാണ് ഗുരുവിന്റെ കിടക്കയും, ചാരുകസേരയും, ഊന്നു വടിയും മറ്റും സൂക്ഷിച്ചിട്ടുള്ളത്. നിത്യപുജയും മറ്റും ഗുരു തന്നെ നടത്തിപ്പോന്നിരുന്ന ഇവിടെത്തെ ക്ഷേത്രത്തില്‍ വിഗ്രഹത്തെ പ്രതിഷ്ഠിക്കാന്‍ ഗുരു തയ്യാറായില്ല. ഇതിനെ കുറിച്ച് ഗുരു ഒരിക്കല്‍ പറഞ്ഞു. വിഗ്രഹങ്ങളില്ലാത്ത ശ്രീകോവില്‍ എന്ന എന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാനുള്ള സമയമായിരിക്കുന്നു. ദീപപ്രതിഷ്ഠയോടൊപ്പവും എന്നാല്‍ അതിനേക്കാള്‍ ഏറെ ഊന്നല്‍ നല്‍കേണ്ടത് വ്യാവസായിക കേരളം കെട്ടിപ്പടുക്കുന്നതിലേക്കാണ്. ഗുരുവിന്റെ കൈകള്‍കൊണ്ട് പ്രതിഷ്ഠ നടത്തിയ വടക്കേമലബാറിലെ ക്ഷേത്രങ്ങള്‍ തലശേരിയിലെ ജഗന്‍നാഥ ക്ഷേത്രവും, കണ്ണുരിലെ സുന്ദരേശ്വര ക്ഷേത്രവും, കുദ്രോളിയിലെ ഗോകര്‍ണ്ണ ക്ഷേത്രവുമാണ്.
ഗുരുവചനം
ഗുരു പറഞ്ഞു. പുതിയ മനുഷ്യനേ പുതിയ ലോകം സൃഷ്ടിക്കാന്‍ കഴിയൂ. പുതിയ വിചാരവും, അനുഭൂതിയും, അഭിലാഷവും, ചിന്തയും കാഴ്ച്ചപ്പാടുകളും നിറഞ്ഞ് കവിയണം. ഗുരുവിന്റെ ഈ ആപ്ത വാക്യത്തില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ചെത്തരുത് കൊടുക്കരുത് കുടിക്കരുത് തുടങ്ങിയ നിരവധി നിര്‍വ്വചനങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു.

അനാചാരം കൊണ്ടുളവാകുന്ന അന്ധകാരത്തെ ജ്ഞാന ശക്തികൊണ്ട് (വിദ്യ) ഭസ്മീകരിക്കാനായിരുന്നു ഗുരു ആശിര്‍വദിച്ചത്. (ഇത് ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിലധിഷ്ഠിതമാണ്) 1931ല്‍ ഗുരുവായുര്‍ സത്യാഗ്രഹ സമയത്ത് മഹാബ്രാഹ്മണരായ തന്ത്രിമാരും സവര്‍ണരും ഗുരുവിന്റെ കാഴ്ച്ചപ്പാടുകളെ പുച്ഛിച്ചു തള്ളിയപ്പോള്‍ അതിനെതിരെ ജനരോക്ഷമിരമ്പിയത് ഗുരു വചനങ്ങള്‍ ജന ഹൃദയങ്ങളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ തെളിവുകളാണ്.
സ്വര്‍ഗത്തിലേക്കുള്ള മോക്ഷത്തിന്റെ വഴിയില്‍ വിഗ്രഹമെന്ന പേരില്‍ ഉരുളന്‍ കല്ലിട്ട് വഴിയടക്കുന്ന മ്ലേഛനാണ് നാരായണനെന്ന് സവര്‍ണ്ണര്‍ അധിക്ഷേപിച്ചത് സാക്ഷര കേരളത്തിന്റെ നെറ്റിയില്‍ ഏറ്റ കൂരമ്പായിരുന്നു.
ആശയ സംവാദത്തില്‍ പുസതകങ്ങളുടെ പങ്ക്

ഗുരുവിന്റെതായി പ്രസിദ്ധീകൃതമായ 56 ഓളം കൃതികള്‍ക്ക് പുറമെ ഗുരു കണ്ട ഭക്തിയും, വിഗ്രഹാരാധനയും, “വിദ്യയാണ് ദൈവമെന്ന” കാഴ്ച്ചപ്പാടുകളും പല തത്വ ചിന്തകരാലും പ്രകീര്‍ത്തിക്കപ്പെട്ടു. ഈ ആശയങ്ങളെ അധികരിച്ച് നിരവധി പുസ്തകങ്ങള്‍ പലരില്‍ നിന്നുമായി പിന്നീട് പുറത്തിറങ്ങി. കേരള ചരിത്രം, കേരള സാംസ്‌കാരിക ചരിത്രം, ഇഎംഎസിന്റെ വകയായുള്ള കേരളം മലയാളികളുടെ മാതൃഭൂമി, കെ. ദാമോധരന്റെ ഭാരതീയ ചിന്ത, സാനു മാസ്റ്റരുടേതടക്കമുള്ള നിരവധി കൃതികള്‍ മലയാളത്തിന്റെതായുണ്ട്.
ചാവ് ഊട്ട് അടിയന്തിരവും ഗുരുവും.
“ചിജ്ജഡതിന്തനം” എന്ന കൃതി ഗുരുവാണ് 1881ല്‍ മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. സംസകൃത പണ്‍ഡിതന്മാര്‍ക്ക് മാത്രം മനസിലാകുന്ന ഈ കൃതി പച്ച മലയാളത്തില്‍ ഏതൊരാള്‍ക്കും വായിക്കാനുതകുന്നവിധം പരിഭാഷപ്പെടുത്തിയ ഗുരു സംസ്‌കൃതം ദൈവത്തിനും സവര്‍ണ്ണര്‍ക്കും മാത്രം വഴങ്ങുന്ന ഭാഷയാണെന്ന വിശ്വാസത്തെ തകര്‍ത്തു. ഈ കൃതിയിലെ ഭാഷാ പ്രയോഗം ഗുരുവിന്റെ അന്തരാത്മാവില്‍ നിന്നും ഊറിവരുന്ന അനിര്‍വചനീയമായ ഭക്തി ലഹരിയുടെ പാരമ്യത അനുവാചകന് ഹൃദയം കൊണ്ട് വായിച്ചറിയാനാവും വിധം രൂപ കല്‍പ്പന ചെയ്തതാണ്. ജീവിതവും മരണവുമാണ് ഇതിലെ പ്രമേയം. മരണവും മരണാനന്ദര ചടങ്ങുകളിലെ ഇന്നത്തെ അനാചാരങ്ങളും ആഘോഷങ്ങളും വൈരുദ്ധ്യപുരിതമാണെന്ന് “ചിജ്ജഡതിന്തനം” നമ്മെ പഠിപ്പിക്കുന്നു. ചാവ് ഊട്ട് അടിയന്തിരങ്ങളുടെ ദുര്‍ചിലവുകളും ഇറച്ചി വിളമ്പും സമുദായത്തില്‍ നിന്നും ആട്ടിയോടിക്കാന്‍ പാലക്കുന്ന് ഭരണ സമിതിക്ക് കഴിഞ്ഞത് ഗുരുഭക്തരുടെ പ്രവര്‍ത്തനമികവായി കണക്കാക്കാം.. അഞ്ചോടുള്ള പുലകുളി അടിയന്തിരമല്ലാതെ ഊട്ട്അടിയന്തിരം അന്യം നിന്നു. പന്തിയില്‍ ഇറച്ചി വിളമ്പാറില്ല. ക്ഷേത്രം കൈവരിച്ച ഈ ഉയര്‍ന്ന സാമൂഹിക ബോധത്തിന്റെ യശസ്സ് നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ വാനോളമുയര്‍ത്തി.

കാഷായ വസ്ത്രം ഒരിക്കല്‍ പോലും ധരിക്കാതിരിക്കുകയും ശ്രി ലങ്കയില്‍ വെച്ച് മാത്രം പീതാംബര വേഷം ധിരിച്ചിരുന്നതുമായ ഗുരു ഗാന്ധിജിയെപ്പോലെ ഒറ്റ തോര്‍ത്തുടുത്ത അര്‍ദ്ധ നഗ്‌നനാണ്. കാഷായമണിഞ്ഞ് മതത്തിനു ചുറ്റും അടയിരിക്കുന്നവരെ ഗുരുവിന്് വെറുപ്പായിരുന്നു. നമ്മുടെ വഴികാട്ടിയാവാന്‍ ഗുരുവിന് വേഷപ്രച്ഛന്നനാവേണ്ടി വന്നില്ല. ചേറില്‍ പണിയെടുക്കുന്നവന്റെ കൂട്ടുകാരനായിരുന്നു ഗുരു. എന്നാല്‍ കൊടിയുടെ നിറം നോക്കി ഗുരുനെ മഞ്ഞ പുതപ്പിച്ചത് ഗുരു ദര്‍ശനം കൊണ്ട് പള്ള നിറക്കുന്ന ഒരു പറ്റം എസ്എന്‍ഡിപിക്കാരായിരുന്നു.
കല്‍പ്പ വൃക്ഷത്തില്‍ നിന്നും കാളകുട വിഷം
മദ്യ വില്‍പ്പനയും മദ്യപാനവും തീയ്യന്റെ അവകാശവും കടമയുമായി വിശ്വസിച്ചിരുന്ന കാലം. മുഴുവന്‍ തീയ്യ കുടിലുകളിലും വാറ്റ്. ഭക്തരെപ്പോലെ തന്നെ മദ്യ സേവ നടത്തുന്ന പ്രാദേശിക ദേവന്മാര്‍. വാറ്റരുത് കുടിക്കരുത് കൊടുക്കരുതെന്ന് ഗുരു പറഞ്ഞു. വാറ്റുകാരനെ പിശാചിനെപ്പോലെ അകറ്റി നിര്‍ത്താനാവശ്യപ്പെട്ടു. കല്‍പ്പവൃക്ഷത്തില്‍ നിന്നും നീറ്റിയെടുക്കുന്ന കാളകൂട വിഷമാണ് കള്ളെന്ന് അത് പാനം ചെയ്യുന്നവരെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ പിന്നീട് കേരളം കണ്ടത് മറിച്ചാണ്. കള്ളു വ്യവസായികളാണ് ഗുരുവിന്റെ സന്ദേശത്തിന്റെ പ്രചാര വാഹകരായത്. വ്യവസായമായി കള്ളിനെ ഉയര്‍ത്തി കൊണ്ടു വന്ന് തീയ്യ സമൂഹം കരുത്താര്‍ജ്ജിക്കാന്‍ ഗുരു പറഞ്ഞുവെന്നാണ് വെള്ളാപ്പള്ളി ഇതിനെ വ്യാഖ്യാനിച്ചത്. ജാതിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുമില്ല
ജാതിയില്ലാതെ ഒരു സര്‍ട്ടിഫിക്കേറ്റിനും അപേക്ഷ നല്‍കാന്‍ കഴിയാത്ത കാലമാണിപ്പോള്‍. വിദ്യാഭ്യാസവും ജോലിയടക്കമുള്ള നിരവധി സംവിധാനങ്ങളും ജാതിയനുസിരിച്ചുള്ള തരം തിരിവാണ് കേരളത്തില്‍ നടക്കുന്നത്. സര്‍വ്വകലാശാല അനുസരിക്കുന്നതു വരെ ജാതി തിരിച്ച്. ജാതക്ക് മുമ്പില്‍ സാമ്പത്തിക സംവരണമെന്നത് കെട്ടുപോയ വിളക്കാണ്. ഏതു സര്‍ക്കാരായാലും എണ്ണ പകരുന്നത് ജാതിയേയും മതത്തെയും അതുണര്‍ത്തിവിടുന്ന തീവ്രവാദ വികാരത്തിന്റെയും പന്തങ്ങളിലാണ്. ഭരിക്കാന്‍ ജാതി വേണമെന്ന അവസ്ഥയിലേക്ക് മതേതരത്വം ചിതലരിച്ചു കഴിഞ്ഞു. പുതുയുഗത്തിന്റെ സര്‍പ്പദംശനമേറ്റ് ഗുരു ദര്‍ശനം കരുവാളിച്ചിരിക്കുന്ന കാഴ്ച്ചയിലുടെയെണ് ചതയാഘോഷം കടന്നു പോകുന്നത്. കേരളത്തിലെ ഇടതു പക്ഷത്തിന്റെ വേരുകള്‍ ഗുരു ദര്‍ശനമെന്ന മഹാവൃക്ഷത്തിന്റെതാണെങ്കിലും മുതലാളിത്ത സമ്പദ് വ്യവസ്ഥയെ മുറുകെ പിടിച്ച് അധികാര രാഷ്ട്രീയത്തിന്റെ പിറകെ പോകുന്നതിനാല്‍ അവര്‍ക്കും ഗുരു ദര്‍ശനങ്ങളെ വഴിയിലുപേക്ഷിക്കേണ്ടി വരുന്നു.
ശിവഗിരിലെ സംസ്‌കൃത വിദ്യാലയം
ബര്‍മ്മയില്‍ (ഇന്നത്തെ മ്യാന്‍മര്‍) ധാരാളം ബുദ്ധപ്രതിമയുള്ളതറിഞ്ഞ് ഗുരു വ്യസനിച്ചിരുന്നു. ജീവിച്ചിരിക്കെത്തന്നെ ഭക്തര്‍ തലശേരിയില്‍ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു. ഭക്തരുടെ ആരാധനാ ലഹരിയുടെ സീമകള്‍ ലംഘിച്ചായിരുന്നു അത്. മൂക്കോത്ത് കുമാരനാണ് ഗുരു എതിര്‍ത്തിട്ടും ഇതിന് നേതൃത്വം കൊടുത്തത്. ഇറ്റലിക്കാരനായ തവര്‍ലിയാണ് ഇതിന്റെ ശില്‍പ്പി. ഗുരുവിന്റെ അസാന്നിദ്ധ്യത്തില്‍ 1927 മാര്‍ച്ച് 13ന് ബോധാനന്ദ സ്വാമിയാണ് ഇതിന്റെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. ഗുരു എതിര്‍ത്തിരുന്നെങ്കിലും ഗുരു പ്രതിമാ പ്രതിഷ്ഠ പിന്നീട് സര്‍വ്വ സാധാരണമായി. ജീവിച്ചിരിക്കെ തന്നെ മിക്ക വീടുകളിലെ പടിഞ്ഞാറ്റകളിലും ഗുരുവിന്റെ ഫോട്ടോ പുജിക്കപ്പെട്ടു. ചന്ദന തിരിയുടെ സുഗന്ധത്തിന്റെ ആരവത്തില്‍ ഭജനയും, നെയ്യ് വിളക്കും പ്രകാശിക്കപ്പെട്ടു. ഇതിനെയെല്ലാം വാക്കു കൊണ്ടും പ്രവര്‍ത്തി കൊണ്ടും എതിര്‍ത്ത ഗുരു ഭക്തര്‍ നല്‍കുന്ന അമുല്യ സ്‌നേഹത്തില്‍ വിമ്മിഷ്ടപ്പെടുകയായിരുന്നു.

പില്‍ക്കാലത്ത് കവലകള്‍ തോറും ചെറുതും വലുതുമായതും രുപസാദൃശ്യമില്ലാത്തതടക്കമുള്ള നിരവധ് ഗുരു ഗുരു പ്രതിമകള്‍ റോഡു വക്കില്‍ പോലും നിരന്നു. പലതിനും മേല്‍ ജനം തുപ്പി. ഗുരു കണ്ണാടികൂട്ടില്‍ അറസ്റ്റ് വരിക്കപ്പെട്ടു. പുറമ്പോക്ക് സ്വന്തമാക്കാനും മറ്റും തല്‍പ്പര കക്ഷികള്‍ ഗുരു പ്രതിമകള്‍കൊണ്ട് മല്‍സരിച്ചു. ചുറ്റും പുന്തോട്ടവും, നിറയെ കായ്കനി വൃക്ഷങ്ങളും, അതില്‍ ഇരിക്കാന്‍ തറയും, സമീപത്ത് വായനശാലയും ഒരു നിലവിളക്കുമായാല്‍ ക്ഷേത്രമായി എന്നു ഉപദേശിച്ച ഗുരുവിനെ ഭക്തര്‍ മനുഷ്യ ദൈവമായി പുനരവതരിപ്പിച്ചു.
1087ല്‍ പൗര്‍ണമി നാളിലായിരുന്നു ഗുരുദേവന്‍ വര്‍ക്കലയില്‍ വിദ്യാ ദേവിയെ പ്രതിഷ്ഠിച്ചത്. ഞാന്‍ വിദ്യയെ പ്രതിഷ്ഠിച്ചു. നിങ്ങളുടെ മനസില്‍ നിന്നുമാണ് ഞാനിതിന്റെ അംശം ആവാഹിച്ചത്. അതിനാല്‍ നിങ്ങളിലെ അക്ഷരങ്ങള്‍ തന്നെയാണ് ശാരദാ മഠത്തിലെ ദീപം എന്ന് ഗുരു ഉപദേശിച്ചു. അന്ന് ഗുരു വെച്ചുപിടിപ്പിച്ച മൂന്ന് പ്ലാവിന്‍ തൈകളില്‍ ഒന്നിന്റെ തണലിലാണ് ഗുരു ഇപ്പോള്‍ അന്ത്യ വിശമം കൊള്ളുന്നത്. ശിവഗിരിയില്‍ ഗുരു ആദ്യം ചെയ്തത് സംസ്‌കൃത പഠനസ്‌കുള്‍ സ്ഥാപിക്കുകയായിരുന്നു . ഇതിന്റെ ധനശേഖരണത്തിനു വേണ്ടി 1083 ചിങ്ങം 1ന് ഗുരു മനോരമയില്‍ പരസ്യം ചെയ്തു. സംഭാവന പിരിച്ചെടുക്കാന്‍ ഗുരു പഥയാത്ര നടത്തി. ഈയവസരത്ത് ഓര്‍മ്മിച്ചെടുക്കാന്‍ വൈക്കത്ത് ഒരു സംഭവമുണ്ടായി. ഒരു വൃദ്ധ വിറക്കുന്ന കൈകളാല്‍ സ്വാമിയുടെ നിധിയിലേക്ക് 3 രുപാ സംഭാവന ചെയ്തു. അവര്‍ക്ക് താങ്ങാവുന്നതിലും വലുതായിരുന്നു ആ സംഖ്യ. പണം നീട്ടിപിടിച്ച വൃദ്ധയെ മാറോടു ചേര്‍ത്ത് പിടിച്ച് ഗുരു മന്ത്രിച്ചു. “പോയി വീട്ടില്‍ വിളക്കു കത്തിച്ചു വെക്കു”… തന്റെ വീട്ടില്‍ ദിപം തെളിയിക്കുന്ന ഓട്ടു വിളക്കു വിറ്റായിരുന്നു അവര്‍ ആ പണം സ്വരുപിച്ചിരുന്നതെന്ന് പിന്നീടാണ് അറിയാന്‍ കഴിഞ്ഞത്. സ്‌കൂളിന് കിട്ടയ സാമ്പത്തിക പിന്‍തുണ പിന്നീട് പല പദ്ധതികള്‍ക്കും രുപം കൊടുക്കാന്‍ ഗുരുവിന് പ്രചോദനം നല്‍കി. 1925 മാര്‍ച്ച് 12ന് ഗാന്ധിജിയും 1922 നവ. 22ന് രവീന്ദ്ര നാഥ് ടാഗോറും ഗുരുവേത്തേടി ശിവഗിരിയിലെത്തിയിയരുന്നു.

ഗുരുവിന്റെ കുളിര്‍മ്മ ഫ്രാന്‍സിലേക്കും
1924ല്‍ ആലുവയില്‍ നടന്ന സര്‍വ്വ മത സമ്മേളനം ഗുരുവിന്റെ പ്രശസ്തി കടല്‍ കടന്നു. ഗാരി ഡേവിസനെ ഗുരുഭക്തര്‍ മറക്കില്ല. രണ്ടാം ലോകമഹായുദ്ധത്തില്‍ ബോംബ് വര്‍ഷിച്ച് ജര്‍മ്മനിയില്‍ കൂട്ട കൊല നടത്തിയ അമേരിക്കക്കാരന്‍. മരിച്ചു കിടക്കുന്ന കബന്ധങ്ങള്‍ ബൈനോക്കുലറിലൂടെ വീക്ഷിച്ച ഗ്യാരിക്ക് അശോക ചക്രവര്‍ത്തിയേപോലെ മാനസാന്ധരമുണ്ടായി. ഇനി ഒന്നിനേയും കൊല്ലില്ലെന്ന് ശപദം ചെയ്തു. പിന്നിട് അമേരിക്കയുടെ പൗരത്വം പോലും ത്യജിച്ച ഗ്യാരി ഗുരു സന്ദേശത്തില്‍ അകൃഷ്ടനായി. ഗുരു സന്ദേശം ഫ്രാന്‍സില്‍ എത്തിക്കുകയായിരുന്ന ഗുരു ശിക്ഷ്യനായ നടരാജ ഗുരുവിനെ കാണുകയും ശിഷ്വത്ത്വം സ്വീകരിക്കാന്‍ തയ്യാറാവുകയുമുണ്ടായി. ലോകത്തിലെ എല്ലാ മനുഷ്യരും ഒരേ സമുദായത്തിലെ അംഗങ്ങളാളെന്ന് പ്രചരിപ്പിക്കുന്ന നാരായണ ഗുരു ഗ്യാരിക്ക് പുത്തന്‍ അനുഭവമായിരുന്നു.

മദ്യത്തിനെതിരെ ഗുരു ഉറക്കെ സംസാരിച്ചു. ജാതിയില്ലാത്ത സമൂഹം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും മദ്യത്തിനു മാത്രമെ ജാതിയില്ലാതെയായുള്ളു.



കുമാരനാശാന്‍
ഉയര്‍ന്ന നെറ്റിയും വിടര്‍ന്ന കവിളുകളുമുള്ള കുമാരനെ ആകസ്മികമായാണ് ഗുരു കാണുന്നത്. അസുഖം കാരണം ആശാന്റെ അച്ഛന്‍ ചികില്‍സക്കായി കൊണ്ടുവന്നതായിരുന്നു (ഗുരു വൈദ്യം പഠിച്ചിട്ടുണ്ട്.) കണ്ടപാടെ ആശാനിലെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവിനെ ഗുരു മനസുകൊണ്ട് ഉഴിഞ്ഞെടുത്തു. നിനക്ക് അസുഖം വരാന്‍ സമയമായിട്ടില്ല. നമ്മോടൊപ്പം കൂടുന്നോ എന്ന് ഗുരു ചോദിച്ചു. കുമാരനെ മൈസുരിലും തുടര്‍ന്ന് മദ്രാസിലും ചേര്‍ത്ത് പഠിപ്പിച്ചു. ( ഗുരുവിന്റെ അരുമ ശിഷ്യന്‍ നടരാജ ഗുരുവിനെ പാരിസിലയച്ച് പഠിപ്പിച്ചിരുന്നു)
1924 ജാനുവരി 16ലെ സന്ധ്യ . ഗുരു പുര്‍ണ്ണ ധ്യാനത്തില്‍ . നിരവധി ഭക്തര്‍ ദര്‍ശനത്തിനായി കാത്തു നില്‍ക്കുന്നു. കൂട്ടത്തില്‍ കുമാരനാശാനും. ധ്യാന സമയം കഴിഞ്ഞും ഗുരു ഉണരുന്നില്ല. അവസാനത്തെ ബോട്ടിന്റെ സമയമടുത്തതിനാല്‍ ആശാന്‍ ദര്‍ശനം ലഭിക്കാന്‍ കാത്തു നില്‍ക്കാതെ തിരിച്ചു പോയി. ഗുരു ധ്യാനമുണര്‍ന്നയുടന്‍ ചോദിച്ചത് “ കുമാരന്‍ പോയി അല്ലെ അവനെ തടയാനാവില്ല” എന്നാണ്. ബോട്ടുമുങ്ങിയുള്ള ആശാന്റെ മരണം ഗുരു തന്റെ ദീര്‍ഘദൃഷ്ടി കൊണ്ട് കണക്കു കൂട്ടിയിരുന്നോ? 44ാം വയസില്‍ ബോട്ടപകടത്തില്‍ പെട്ട് മരിക്കുന്നതുവരെ ആശാനുമായുള്ള ഗുരു ശിഷ്യ ബന്ധം ഉലയാതെ നിന്നു.
സഹോദരി മാതയുടെ മകള്‍ നളിനി
2006ലാണ് ഗുരുവിന്റെ സഹോദരി മാതയുടെ മകള്‍ നളിനി മരിച്ചത്. ഗുരു സന്നിദ്ധിയില്‍ വരുമ്പോഴൊക്കെ ഗുരു ഉണക്ക മുന്തിരിയും, കല്‍കഷണവും നല്‍കുമായിരുന്നെന്ന് നളിനിയമ്മ ഓര്‍ത്തെടുക്കുന്നു. ഒരിക്കല്‍ കുട്ടിയുമായി ഒരമ്മ ഗുരുവിനെക്കാണാന്‍ വന്നു. കുട്ടിക്ക് പഞ്ചസാര വാരിതിന്നുന്ന അസുമുണ്ട് . വീട്ടില്‍ പഞ്ചസാര പാത്രം ഒളിച്ചു വെച്ചാലും കട്ടെടുത്തു തിന്നും. ഗുരുവിനോട് ഉപദേശം സ്വീകരിക്കാനാണവര്‍ വന്നത്. ഗുരു അവരോട് 2 മാസം കഴിഞ്ഞു വരാന്‍ പറഞ്ഞു . ഗുരുവിനും വയറു നിറയെ മധുരം വാരിവലിച്ചു തിന്നുന്ന ശീലമുണ്ടായിരുന്നു. ആദ്യം തന്റെ ശീലം മാറ്റിയെടുത്താണ് ഗുരു കുട്ടിയെ ഉപദേശിക്കാന്‍ തയ്യാറായത്. അതിനാണ് 2 മാസം സമയം ചേദിച്ചത്. നളിനി എന്ന ആശാന്റെ കവിത പ്രസിദ്ധമാണ്.
“ തിരുവിതാംകുര്‍ ലേബര്‍ അസോസിയേഷന്‍”
1922 മാര്‍ച്ച് 31. ഗുരു ആലപ്പുഴയില്‍ കിഴങ്ങാം പറമ്പ് ക്ഷേത്രം സന്ദര്‍ശിക്കുന്നു. ഗുരുവിനെ ആദ്യം മുഖം കാണിക്കാനെത്തിയത് മുസ്ലീമായ പികെ ബാവയായിരുന്നു. വെള്ളക്കാര്‍ നടത്തി വരുന്ന “മെയില്‍ കമ്പനി”യിലെ തൊഴിലാളിയാണ് ബാവ. കഴുതകളെപ്പോലെ രാപകലില്ലാതെ പണി . കുലി ചോദിച്ചാല്‍ മര്‍ദ്ദനം. കഞ്ഞിക്ക് വേണ്ടി മാത്രം പണിക്കു വരുന്ന തൊഴിലാളികള്‍ ധാരാളം. ഗുരുവിന്റെ മനസില്‍ നൊമ്പരമുണ്ടാക്കാന്‍ ഈ അറിവ് തന്നെ അധികമായിരുന്നു. ഗുരു തൊഴിലാളികളെ സംഘടിപ്പിച്ചു. 1922 ഏപ്രില്‍ 23ന് കളപ്പുര ക്ഷേത്ര മൈതാനത്ത് കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനം രുപം കൊണ്ടു. “ തിരുവിതാംകുര്‍ ലേബര്‍ അസോസിയേഷന്‍” എന്ന് ഇംഗ്ലീഷിലാണ് സംഘടനക്ക് പേരിട്ടത്. 1938ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തൊഴില്‍ മേഘലയിലെ സംഘടനാ സംവിധാനം കരുപ്പിടിപ്പിച്ചത് ഇതിന്റെ വെളിച്ചത്തിലാണ്. പി കൃഷ്ണ പിള്ള, ആര്‍ സുഗതന്‍, കെപി പത്രോസ്, ടിവി തോമസ്, പി കേശവ ദേവ് തുടങ്ങിയവരായിരുന്നു ഗുരുവിന്റെ പിന്‍ബലത്തില്‍ പിന്നീട് തൊഴിലാളി പ്രസ്ഥാനത്തെ ഊട്ടി വളര്‍ത്തിയത്.
സിലോണ്‍ യാത്രയും എസ്എന്‍ഡിപിയുമായുള്ള വേര്‍തിരിവും
ഗുരുവിന്റെ കാല്‍ച്ചുവട്ടിലും ശത്രുക്കള്‍ പതഞ്ഞു പൊങ്ങിയിരുന്നു. അതില്‍ എടുത്തു പറയേണ്ട വ്യക്തി കെഎന്‍ കേശവനായിരുന്നു. വൈക്കം സത്യാഗ്രഹത്തില്‍ ഗുരു സവര്‍ണ്ണര്‍ക്കൊപ്പം നിന്നു എന്ന് കേശവന്‍ ദേശാഭിമാനി പത്രത്തില്‍ പരമ്പര എഴുതി. ഇത് ഗാന്ധിജിയെ തെറ്റിദ്ധരിപ്പിച്ചു. നിരാശ പുണ്ട ഗാന്ധിജി 1924 ജുണ്‍ 19ന് തന്റെ സ്വന്തം പത്രമായ “യംഗ് ഇന്ത്യയില്‍” ഗുരുവിനെ കണക്കത് വിമര്‍ശിച്ചു. ഭീരുവായ നാരായണ ഗുരുവെന്നായിരുന്നു അതിന്റെ തലക്കെട്ട്. സത്യം ബോദ്ധ്യപ്പെടുത്താന്‍ ഗുരുവിന് പിന്നെയും കുറെ കാത്തിരിക്കേണ്ടി വന്നിരുന്നു. അയിത്തത്തിന്റെ പേരില്‍ ഗുരുവിനെയും സംഘത്തേയും വഴിയില്‍ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് വൈക്കം സത്യാഗ്രഹത്തിന് തിരി കൊളുത്തപ്പെട്ടത്. ഗുരുവിനെ വേദനിപ്പിച്ചതില്‍ പലരും സ്വന്തം സംഘടനയും അതിലെ ഇത്തിള്‍ കണ്ണികളുമാണ്. ഒരിക്കല്‍ ഗുരു പറഞ്ഞു. ഇത്തിള്‍ കണ്ണികള്‍ വിയര്‍പ്പൊഴുക്കില്ല. ഏതെങ്കിലും പച്ചമരത്തില്‍ അള്ളിപ്പിടിച്ച് അതിലെ നീരു വലിച്ചു കുടിച്ച് ജീവിക്കും. പച്ചമരം ചാവുമ്പോള്‍ താനും ആഹാരമില്ലാതെ മരിക്കേണ്ടി വരുമെന്ന്് ഇത്തില്‍കണ്ണികള്‍ ഓര്‍ക്കുന്നില്ല. എസ്എന്‍ഡിപി യോഗത്തിന്റ തീരുമാനത്തില്‍ മനം നൊന്ത് ഗുരു കേരളത്തില്‍ നിന്നും സിലോണിലേക്ക് പലായനം ചെയ്തിരുന്നു. കലശലായ അസുഖ ബാധകുടിയായിരുന്നു ഗുരുവിനപ്പോള്‍.
സാധുജനപരിപാലനമെന്നമൈക്രോ ഫിനാന്‍സിംഗ്
മദ്യപാനത്തില്‍ നിന്നും എല്ലാ ജാതിക്കാരെയും അവരുടെ കുട്ടികളേയും അകറ്റി നിര്‍ത്താനാണ് ഗുരു ഏറെ സമയം കണ്ടെത്തിയത്. “ചെത്തരുത് കുടിക്കരുതെ” ന്ന ആഹ്വാനം വലിയ സാമൂഹ്യ മാറ്റത്തിന് വഴിതെളിച്ചു. അദ്ധ്വാനിച്ചുണ്ടാക്കുന്ന പണമാണ് സരസ്വതി. അതു കുടിച്ചു കളയാനുള്ളതല്ല. ഓരോ ദിവസവും ഒരണ വീധം ഒരു കുടുക്കയില്‍ നിക്ഷേപിക്കണം. അതു കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപകരിക്കും. മദ്യമല്ല, വിദ്യയാണ് പരിശീലിപ്പിക്കേണ്ടതെന്ന് ഗുരു പറഞ്ഞു. 1905ല്‍ സാധു ജന പരിപാലന യോഗമെന്ന പേരില്‍ ഗുരു കൊണ്ടുവന്ന ഈ “കുടുക്ക നിക്ഷേപമാണ്” വെള്ളാപ്പള്ളി ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന മൈക്രോ ഫിനാന്‍സിങ്ങ്.

1905ലെ സാധുജനപരിപാലന യോഗം കേരള ചരിത്രത്തെ മാറ്റി മറിച്ചു. 1912ഓടെ ഇത് കേരളം ഒട്ടുക്ക് പടര്‍ന്നു. ഇതിലെ ജനപങ്കാളിത്തം കണ്ട് അതിശയിച്ചാണ് 1914 ല്‍ നായര്‍സര്‍വീസ് സോസൈറ്റിക്ക് മന്നത്ത് പത്മനാഭന്‍ രുപം നല്‍കുന്നത്. (തുടക്കത്തില്‍ ഇതിന്റെ പേര് നായര്‍ ഭൃത്യ സംഘം എന്നായിരുന്നു). മന്നത്തിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് ഒരു പദയാത്ര സംഘടിപ്പിച്ചു. തിരുവന്തപുരത്തേക്കായിരുന്നു യാത്ര. ജാഥ ശിവഗിരിയിലെത്തിയപ്പോള്‍ ഗുരുവിനെ നേരില്‍ കാണാന്‍ മന്നത്ത് പത്മനാഭന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഗുരുവിനെ കണ്ടതും കാല്‍ക്കല്‍ സാഷ്ടാങ്കം വീണതു ഒരുമിച്ചായിരുന്നു. ഗുരുവിനേപ്പോലും അതിശയിപ്പിച്ച സംഭവമായിരുന്നു അത് ഗുരുവിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു മന്നം . വക്കം മൗലവിയുടെ നേതൃത്ത്വത്തില്‍ ഇസ്ലാം മതക്കാര്‍ അഹമ്മതീയ പ്രസ്ഥാനത്തിന് രുപം നല്‍കിയതിനു പിന്നിലും ഗുരുവിന്റെ ചിന്താധാരയുടെ സ്വാധീനമുണ്ട്.
യാചനാ യാത്ര
സാമൂഹ്യ പുരോഗതിക്ക് ആധുനിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് ഗുരു കണ്ടു. കേരളത്തിലാദ്യമായി ശിവഗിരിയില്‍ “നീചജാതി ഇംഗ്ലീഷ് മീഡിയം സ്‌കുള്‍” പിറവി കൊണ്ടത് ഈ ആശയത്തില്‍ നിന്നുമാണ്. ഇതിന്റെ പണപിരിവിനായി “യാചനാ യാത്ര” എന്ന പേരില്‍ ഗുരു നടത്തിയ പദയാത്രയോടെ ആധുനിക വിദ്യാഭ്യാസം സാര്‍വത്രികമാക്കേണ്ടുന്ന ആവശ്യകതയെലേക്ക് ജനം ചിന്തിച്ചു തുടങ്ങി.
തീയ്യനെ മിന്നു കെട്ടിയ നമ്പൂതിരി സ്ത്രി
പ്രഗല്‍ഭ കമ്യൂണിസ്റ്റ് ചിന്തകനും സവര്‍ണ്ണ കുല ജാതനുമായ വി.ടി ഭട്ടതിരിപ്പാടിന് സ്വസമുദായത്തിലും ആംഗലേയ വിദ്യ അഭ്യസിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവുണ്ടായത് ഗുരുവിന്റെ യാചനായാത്രയുടെ വിജയത്തില്‍ നിന്നും ഉറ്റിയെടുത്ത ശക്തി കൊണ്ടു തന്നെയാണ്. പരിഷ്‌കൃത സമുഹ സിദ്ധാന്ധത്തില്‍ അകൃഷ്ടനായ വി.ടി ഇത്തരം പരിഷ്‌ക്കാരങ്ങള്‍ സ്വന്തം സമുദായത്തിലും കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ചു. ഇതിന് വിത്തു പാകിയത്‌സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ. ഭാര്യാ സഹോദരി പ്രയദത്തയെ ഒരു തിയ്യന് വിവാഹം കഴിപ്പിച്ചു കൊടുത്താണ് വി.ടി ഇതിനു തുടക്കമിട്ടത്. പിന്നീട് അനുജത്തി പാര്‍വ്വതിയെ പണിക്കര്‍ ജാതിക്കാരന് കെട്ടിച്ചു വിട്ടു. ജാതി വ്യവസ്ഥ കൊടികുത്തിവാഴുന്ന കിരാതമായ കാലത്താണിതൊക്കെ നടന്നതെന്നോര്‍ക്കുമ്പോഴാണ് ഗുരുവിന്റെ ശബ്ദത്തിന്റെ ശക്തിയും വെളിച്ചവും നമ്മെ അത്ഭുതപ്പെടുത്തുന്നത്. ഇഎംഎസിന്റെ ആത്മകഥയില്‍ ഇത് വിശദീകരിച്ചിട്ടുണ്ട്.
കടിക്കുന്ന പട്ടി
ധര്‍മ്മ പരിപാലനവും യുക്തിവാദവും പ്രകൃതി-ഈശ്വര ചിന്ത എന്നതു പോലെത്തന്നെ പവിത്രമാണെന്നാണ് യുക്തി വാദ സംഘങ്ങളുടെ വാദങ്ങളെ ന്യായീകരിച്ച് ഗുരു പറയാറുള്ളത്. ഗുരു നിന്ദയെ പൊറുക്കാത്ത അയ്യന്‍കാളി ഇത്തരക്കാരെ ആയുധം കൊണ്ട് നേരിടണം എന്ന പക്ഷക്കാരനായിരുന്നു. ഗുരുവിനേപ്പോലെ ക്ഷമാശിലം അയ്യന്‍കാളിക്കില്ല. നിന്ദിക്കുന്നവരോട് ക്ഷമിക്കാന്‍ ഗുരു ഒരിക്കല്‍ അയ്യന്‍കാളിക്ക് ഒരുനുഭവം കാട്ടികൊടുത്തു. മഠത്തിന്റെ മുറ്റത്ത് വാലാട്ടി നില്‍ക്കുന്ന തെരുവു നായ. അതിനു ഭക്ഷണം കൊടുക്കുകയായിരുന്നു ഗുരു. മറ്റൊരു നായ വന്ന് അതിനെ കടിച്ചു കുടഞ്ഞു. കടി കൊണ്ട നായയെ തലോടികൊണ്ട് ഗുരു പറഞ്ഞു. “ എന്തു ചെയ്യാന്‍ അതിന്റെ സ്വഭാവം അങ്ങിനെയായിപ്പോയി”. ഗുരു അയ്യന്‍കാളിക്ക് ഇത് കാട്ടി കൊടുത്തു. കടിച്ച നായയെ ഉപദ്രവിച്ചിട്ട് കാര്യമില്ല. അവസരം കിട്ടിയാല്‍ ഇനിയും അത് ഇതു തന്നെ ചെയ്യും. അതിനറിയില്ല താന്‍ ചെയ്യുന്നത് തെറ്റാണെന്ന്. അതു തന്നെയാണ് സവര്‍ണരായ പണ്ഡിത ശ്രേഷ്ടരുടേയും യുക്തിചിന്തകരുടേയും അവസ്ഥ.
മരണാനന്തര ചടങ്ങുകള്‍
മരണാനന്തര ക്രിയ്യകള്‍ നിയന്ത്രിക്കാന്‍ ഗുരു സമുദായത്തോട് കലഹിച്ചുകൊണ്ടേയിരുന്നു. വസ്തുവും പണ്ടവും വീറ്റ് അടിയന്തിരമൂട്ടുന്നതിനെ ഗുരു അപലപിച്ചു. ശവസംസ്‌കാരത്തിനു ശേഷമുള്ള മദ്യം വിളമ്പലിനെ ഗുരു ചുട്ട ഇറച്ചി തീനികളെന്ന് കളിയാക്കി. ഇത് നടപ്പിലാക്കുന്നവേളയില്‍ സ്വന്തം സമൂദായത്തില്‍ നിന്നുമാണ് ഗുരുവിന് കൂടുതല്‍ ഭീക്ഷണി നേരിടേണ്ടി വന്നത്. പാലക്കുന്ന് ശ്രി ഭഗവതീ ക്ഷേത്ര ഭരണ സമിതി ഈ ഗുരു ദര്‍ശനത്തെ ജനകീയ വല്‍ക്കരിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. നിലവിലുള്ള ഭരണ സമിതി പ്രസിഡന്റ് സി.എച് നാരായണന്റെ മാതാവ് മരിച്ചപ്പോള്‍ തികച്ചും ലളിതവും മാതൃകാപരമായുമാണ് അടിയന്തിരാദി കര്‍മ്മങ്ങള്‍ സ്വീകരിച്ചു പോന്നത്. അതു കൊണ്ടു തന്നെ ഉത്തമനായ നാരായണിയനായി സി.എച്ച് പ്രകീര്‍ത്തിക്കപ്പെടുന്നു.
ആരോടു ചോദിക്കാന്‍
ലേഖകന്റെ ചില സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ ചരിത്രം വഴിമാറുകയാണ്.

ഗുരുവിന്റെ ജനനം 1854,1855,1856 ഇതിലേതു വര്‍ഷമാണെന്ന് ഇനിയും ആധികാരികമായി തിട്ടപ്പെടുത്തിയിട്ടില്ല. വിവിധ പുസ്തകങ്ങളില്‍ നിന്നും വായിച്ചെടുത്ത അറിവു വെച്ച് ഗുരു ജനിച്ചത് 13-09-1856ലാണെന്ന് അനുമാനത്തിലാണ് ലേഖകന്‍ എത്തിച്ചേരുന്നത്. അങ്ങനെ വരുമ്പോള്‍ ചതയം നക്ഷത്രത്തിലെ രണ്ടാം പാദത്തില്‍ കൊല്ലവര്‍ഷം 1032 ചിങ്ങം 30ന് ശനിയാഴ്ച്ച ഗുരു ഭുജാതനായി. അന്ന് ശുക്ലപക്ഷത്തിലെ ചതുര്‍ദശി നാളാണ്. ലഗ്ന രാശി ഇടവവും ചന്ദ്ര രാശി കുംഭവുമാണ്. രാഹു ദശയിലാണ് ഗുരുവിന്റെ ജനനം.

ജാതി ഭേതം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്ത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന് ഗുരു എഴുതിവെച്ച ശിലാഫലകം ഇപ്പോള്‍ ക്ഷേത്രത്തില്‍ കാണാനാനില്ല. ഗുരുവിന്റെ ശേഷിപ്പായിരുന്നു ഇത്. ദൂരെ വലിച്ചെറിയപ്പെടേണ്ടതല്ല. ഇത് കേരള ചരിത്രത്തിന്റെ ഒരേടാണ്. ഇത് എവിടെ കളഞ്ഞാലും കണ്ടു പിടിച്ചു പൂര്‍വ്വ സ്ഥാനത്ത് പുനസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.

കാട്ടരുവിയില്‍ നിന്നും മുങ്ങിയെടുത്ത കരിങ്കല്‍ ചീളാണ് അരുവിപ്പുറത്തെ ഈഴവ ശിവന്റെ കരിങ്കല്‍ പ്രതിഷ്ഠ. ഈ കരിങ്കല്‍ ചീള് പ്രകൃതി ദത്തമായ അരുവിപ്പുറം കാട്ടു പാറ പീഠമാക്കിയാണ് ഗുരു പ്രതിഷ്ഠിച്ചത്. ഈശ്വരന് രുപമോ ഭാവമോ ഇല്ലാത്തതിനാല്‍ ആരാധിക്കാന്‍ ഇതു ധാരാളം മതി എന്ന് പ്രഖ്യാപിച്ച് പ്രതിഷ്ഠിച്ച ഗുരുവിന്റെ കരിങ്കല്‍ പ്രതിഷ്ഠ ഇന്നെവിടെ? രുപ ലാവണ്യമില്ലാത്ത ശിവനെ ആരാണ് വലിച്ചെറിഞ്ഞത്? ശങ്കരാചാര്യര്‍ വിഭാവനം ചെയ്ത ദക്ഷിണാമൂര്‍ത്തി സങ്കല്‍പ്പമല്ല ഗുരു ഈഴവ ശിവനില്‍ കണ്ടത്. പകരം ശങ്കരം കുളത്തിലെ അരുവിയില്‍ നിന്നും മുങ്ങിയെടുത്ത കല്ലില്‍ ഗുരു ആവാഹിച്ചത് അധസ്ഥിതന്റെ പരം പൊരുളിനെയാണ്. അത് സ്ഥാപിച്ച സ്ഥാനത്ത് ഇപ്പോള്‍ പഞ്ച ലോഹത്തില്‍ നിര്‍മ്മിച്ച ശിവന്റെ ഒരു തല കാണാം. ഇത് സവര്‍ണ്ണ സംസ്‌ക്കാരമായ ശങ്കരാചാര്യര്‍ തെളിച്ച വഴിയാണ്. ഓടില്‍ നിര്‍മിച്ച തല കണ്ടാലേ ഭക്തി വ്യവസായം വളരുകയുള്ളു എന്ന തിരിച്ചറിവാണ് ഗുരുവിന്റെ കരിങ്കല്‍ ശിവനെ ദുരെയെറിയാന്‍ സംഘാടകരെ പ്രേരിപ്പിച്ചതെന്നതിന് രണ്ടഭിപ്രായമില്ല. ഗുരുവിന്റെ പരംപൊരുള്‍ സങ്കല്‍പ്പത്തെ ശ്രി ശങ്കരന്റെ സവര്‍ണ്ണ സങ്കല്‍പ്പിത്തിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ടു കൂട. ഇതിന് പിന്നല്‍ ഏത് ഈഴവ സവര്‍ണ്ണനാണെന്നത് വെളിച്ചത്ത് കൊണ്ടു വരണം.
ദൈവദശകം
ഗുരു എഴുതിയ നിരവധി ഗ്രന്ഥങ്ങളില്‍ ഈണത്തില്‍ ചൊല്ലാവുന്നതും അര്‍ത്ഥ സമ്പുഷ്ടിയുടെ ആകെത്തുകയുമാണ് “ദൈവദശകം” . ഏതു നിരക്ഷകന്റെയും കാതില്‍ ഇതിന്റെ ഈരടികള്‍ ഇമ്പമുണര്‍ത്തും. ശിവഗിരിയിലെ പഠന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലാനുള്ള പ്രാര്‍ത്ഥനാ ഗാനമായാണ് ഗുരു ഇത് കോറിയിട്ടത്. ഭാരതത്തിന് ദേശീയ പതാക തൊട്ടു ദേശിയപുഷ്പം മുതല്‍ ദേശിയമൃഗം വരെയുണ്ടെങ്കിലും ദേശീയ പ്രാര്‍ത്ഥനാ ഗീതമില്ല. എല്ലാ മതസ്ഥര്‍ക്കും ഒരു പോലെ ചൊല്ലാന്‍ കഴിയുന്ന ഒരു കീര്‍ത്തനത്തിന്റെ അഭാവമായിരുന്നു ഇതിനു കാരണം. ദൈവദശകത്തെ ഭാരതത്തിന്റെ ദേശീയ പ്രാര്‍ത്ഥനാ ഗീതമാക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ പരിഗണനയിലാണിത്. ഇന്ത്യ കണ്ട മതേതര വാദിയാണ് ഗുരുവെന്നതിന് ഇതില്‍പ്പരമെന്ത് തെളിവ്?
ഭക്തി വ്യവസായം
താഴ്ന്ന ജാതിക്കാര്‍ക്ക് തുറന്നു നോക്കാന്‍ പാടില്ലാത്ത ദൈവത്തിന്റെ സ്വന്തം ഭാഷയായ സംസ്‌കൃതവും കീഴാളന്റെ പെണ്ണിന്റെ മാറിലെ ചുട് മേലാളന്മാര്‍ക്കും അവകാശപ്പെട്ട കാലത്തില്‍ നിന്നും സമുഹത്തെ കരകയറ്റി കൊണ്ടു വന്ന ഗുരുവിന്റെ ലക്ഷ്യം ഇപ്പോള്‍ ഗുരുവിനെ തന്നെ തിരിഞ്ഞു കുത്തുകയാണ്. ബിബാരാധന അനുദിനം കൂടിവരുന്നു. കാവകുകള്‍ വെട്ടിതെളിച്ച് സിമന്റ് തറകള്‍ പ്രത്യക്ഷപ്പെടുന്നു. വികലമായ ജോതിഷവും അതിന്റെ ഉപഘടകങ്ങളായ ഭുതപ്രേതപിശാചുകളും അരങ്ങു തകര്‍ക്കുന്നു. ഭക്തി വ്യവസായമായി പരിണമിക്കുന്നു . പേടിപ്പിച്ച് പണം പിടുങ്ങാനുള്ള ഉപാധിയായി ആരാധനാലയങ്ങള്‍ അധ:പതിക്കുന്നു . ഓരോ ജാതികളും അവരുടെ ഉപജാതികളുമായി ഹൈന്ദവ സംസ്‌ക്കാരത്തില്‍ തന്നെ സങ്കീര്‍ണത സൃഷ്ടിക്കുന്നു. ക്ഷേത്രങ്ങളും വഴിപാടുകളും വരേണ്യവര്‍ഗത്തിന്റെയും അമ്പലവാസികളുടെയും വിപണന കേന്ദ്രങ്ങളാകുന്നു. പണമുള്ള ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഗ്രീന്‍ ചാനലുകളൊരുങ്ങുന്നു. ഭക്തി ലഹരി ദുരൂപയോഗപ്പെടുത്തി വിഗ്രഹം കഴുകിയ മലിന ജലം പ്രസാദമായി പാനം ചെയ്യിക്കാനാണ് ഭക്തി വ്യവസായികള്‍ മല്‍സരിക്കുന്നത്. ഇതൊന്നും കാണാന്‍ ഇടവരാതെ ഗുരു നാടു നീങ്ങിയതിലുള്ള സന്തുഷ്ടിയിലാണ് ലേഖകന്‍.
ഭക്തി ലഹരി
ആത്മീയ വേരിലുടെ ഊറിയെത്തുന്ന ഭൗതിക തീര്‍ത്തം തളിച്ചതു കൊണ്ട് തളിര്‍ത്ത് പന്തലിട്ട മഹാവൃക്ഷമാണ് ഗുരുവെന്ന് പറയാന്‍ മനസു വെമ്പുന്നു. ആ വടവൃക്ഷത്തിന്റെ ആശയചുവട്ടില്‍ ഒരു നിമിഷം നിന്നാല്‍ മാത്രം വിജ്ഞനത്തിന്റെ കുളിര്‍ മഴയേറ്റ് ശരീരം തണുക്കും. ഒരാളുടെ ഹൃദയം കവരാന്‍ നല്ല കേള്‍വിക്കാരനാവുക. ഇത് മനുഷ്യരോടും പ്രകൃതിയോടും ഒരു പോലെ വേണം. അപ്പോള്‍ മാത്രമെ അനുവാചകന് പ്രകൃതിയോട് സംവേദിക്കാനാവുകയുള്ളു. പ്രകൃതിയിലെ മാറ്റങ്ങള്‍ അകക്കണ്ണു കൊണ്ട് ഗുരു കണ്ടെത്തുന്നത് ചിലപ്പോള്‍ പ്രകൃതിയുടെ കേള്‍വിക്കാരനായതു കൊണ്ടായിരിക്കാം. കുമാരനാശാന്റെ ബോട്ടപകടം ഗുരു മുന്‍കുട്ടി കണ്ടിരുന്നു. പ്രകൃതിയോടു ഗുരു വെച്ചു പുലര്‍ത്തിയ ഈ അടുപ്പം ഗുരുവിന്റെ കൃതികളില്‍ തെളിഞ്ഞു കാണാം. ഒരിടത്തു പേലും സ്വര്‍ഗ രാജ്യത്തേകുറിച്ച് പരാമര്‍ശിക്കാത്ത ഗുരു ഭൂമിയിലെ സ്വര്‍ഗത്തിനു വേണ്ടി മനസു നിറയെ ശബ്ദിച്ചു. വൈക്കം മുഹമ്മത് ബഷീറിന്റെ കൃതികളില്‍ നമുക്കു പ്രകൃതിയെ കാണാം. മാവിന്‍തണലും,വരിക്ക പ്ലാവും മതിലുകളും, ആടും, കോഴിയും പഴുതാരയും,പുച്ചയും, കുറുക്കനും ബഷിര്‍ കഥകളിലെ കഥാപാത്രങ്ങളാണ്. ഗുരു പ്രഭാഷകനു പുറമെ നല്ലൊരു കേള്‍വിക്കാരനായിരുന്നു. സുകുമാര്‍ അഴിക്കോട് ഗുരുവിനെ കുറിച്ച് ഒരിക്കല്‍ (ശിവഗിരിയില്‍ വെച്ച്) പറഞ്ഞതോര്‍ക്കുന്നു. “ കേരളത്തിലൊരു ഹിമാലയമുണ്ടെങ്കില്‍ അതാണ് ഗുരു”.
ആ നക്ഷത്രം അസ്ഥമിക്കുന്നു
1104 കന്നി 5. കൃസ്തു വര്‍ഷം 1928 സെപ്തമ്പര്‍ 20 (21ാം തീയ്യതിയാണെന്നും വാദമുണ്ട്) ഗുരു ഹെര്‍ണിയാ രോഗത്തിന്റെ പിടിയിലായിരുന്നു. (ആന്ധ്രക്കടച്ചില്‍) നല്ലൊരു ഭിഷഗ്വരന്‍ കൂടിയായ ഗുരു രോഗത്തേക്കുറിച്ച് തന്റെ അനുയായികളില്‍ നിന്നു പോലും മറച്ചു പിടിച്ചു. അസഹ്യമായ രോഗബാധിതനായപ്പോള്‍ മാത്രമാണ് മറ്റുള്ളവര്‍ അിറഞ്ഞു തുടങ്ങിയത്. മദ്രാസിലും മൈസുരിലും ചികില്‍സ നടത്തി. (സിലോണില്‍ വെച്ചാണ് ഗുരുവിന് രോഗ ലക്ഷണം കണ്ടു തുടുങ്ങിയത് എസ്എന്‍ഡിപിയുമായി അസ്വാരാസ്വമുള്ള സമയമായിരുന്നു അത്). ഡോക്റ്റര്‍മാര്‍ പുര്‍ണ വിശ്രമം ആവശ്യപ്പെട്ടു. ഗുരുവിനെ ശിവഗിരിയിലേക്ക് മാറ്റി. അസുഖത്തിന് ഭേതമുണ്ടെന്ന് പറഞ്ഞ ഗുരു ശിഷ്യന്മാരെ കാണണമെന്ന് ആഗ്രഹിച്ചു. മുഴുവന്‍ പേരും ഗുരുവിനു മുമ്പില്‍ ചമ്രം പടിഞ്ഞിരുന്നു. ഗുരുവിനെ ഏഴുന്നേറ്റ് ഇരുത്താനാവശ്യപ്പെട്ടു. കട്ടി വിരിപ്പില്‍ പത്മാസനത്തില്‍ തറയില്‍ മാത്രമിരിക്കാറുള്ള ഗുരുവിനെ അങ്ങിനെയിരുത്തി. വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മിച്ച “ദൈവദശകം” ഉരുവിടാനാവശ്യപ്പെട്ടു. പുറത്ത് കനത്ത മഴ കണ്ണീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു. പ്രകൃതി തണുപ്പുകൊണ്ട് ഗുരുവിനെ പുതപ്പിച്ചു. ദൈവ ദശകത്തിലെ അവസാന ഈരടികളായ “ആഴമേറും നിന്‍മനസ്സാമൂഴിയില്‍ ഞങ്ങളാകവേ ആഴണം വാഴണം നിത്യവും വാഴണം സുഖം” എന്ന് ചൊല്ലി തീര്‍ന്നപ്പോള്‍ ഗുരു മന്ദഹസിക്കുന്നു. താന്‍ എഴുതിയ ഈരടികളിലെ സംഗീതം കൊണ്ട് പ്രകാശമാനമായ ഗുരു നക്ഷത്ര ശോഭ പരത്തി അവിടം മുഴുവന്‍ പരന്നു . ചരിത്രത്തിന് ഏതാനും ഏടുകള്‍ സമ്മാനിച്ചു കൊണ്ട് ആ യുഗ നക്ഷത്രം അപ്പോഴേക്കും ചക്രവാളങ്ങള്‍ പിന്നിട്ടിരുന്നു. മരിക്കുമ്പോള്‍ ഗുരുവിന് ശനിദശയായിരുന്നു. 5 വര്‍ഷവും 18 ദിവസവും ബാക്കി. ഗുരുദേവന്‍ തന്റെ ദേഹവിയോഗം നേരത്തേ കണക്കുകൂട്ടിയിരിക്കണം. സിലോണിലേക്കുള്ള പലായനവും ഈ ശനി ദശയില്‍ തന്നെ. ശനി കൊണ്ടേ പോകു എന്ന ജോതിഷ വിധി അന്വര്‍ത്ഥമാക്കും വിധമായിരുന്നു ഗുരുവിന്റെ കൂടൊഴിയല്‍.

ഇനി ഉപസംഹരിക്കാം

“ഗുരു ദര്‍ശനം സ്ഥിതി സമത്വത്തിലേക്കുള്ള പാത” എന്ന വിഷയത്തെ അധികരിക്കാന്‍ ലേഖകന്‍ അശക്തനാണ്. സ്ഥിതി എന്ന വാക്കു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണെന്ന് നിരീക്ഷിക്കാന്‍ പോലും നിരക്ഷരനായ ലേഖകനവുന്നില്ല. ഭാവം, ഘര്‍ഷണം, പെരുമാറ്റം എന്നിവ മാത്രമെ ഓര്‍മ്മയുടെ നിഖണ്ടുവില്‍ നാനാര്‍ത്ഥങ്ങളായുള്ളു. ഗുരു ദര്‍ശനത്തിലെ സമത്വമെന്ന വാക്ക് ഉപയോഗ ശുന്യമായ ആശയമായി ചുരുണ്ടു കുടി കാലയവനികയിലേക്ക് മറയാനിരിക്കുകയായിരുന്നു . ഗുരു ദര്‍ശനത്തിന്റെ ശവമടക്കിനുള്ള ഈ അന്ത്യ യാമങ്ങളില്‍ വിശദമായ ചര്‍ച്ചക്കായി ഇത്തരമൊരു വിഷയത്തിന് തുടക്കമിട്ടത് ചിലപ്പോള്‍ ഉണങ്ങിയ മരത്തില്‍ കിളര്‍ക്കാന്‍ വെമ്പുന്ന തളിരിലയായി പരിണമിച്ചേക്കാം. ആരോഗ്യമുള്ള ആശയമാണ് വിദ്യാഭ്യാസ സമിതി ചര്‍ച്ചക്കെടുത്തത്.

കേരളത്തിലെ നവോദ്ധാന പ്രസ്ഥാനങ്ങള്‍ തളിര്‍ത്തത് ഗുരുവിനോടൊപ്പമല്ലെങ്കിലും നല്ലൊരു പങ്കു വഹിച്ച വിപ്ലവകാരിയാണ് ഗുരുവെന്ന് ഇതിനകം നാം കണ്ടുവല്ലോ. നവോദ്ധാന പോരാളികളില്‍ ഗുരുവിന്റെ പിന്‍ഗാമികളായി പില്‍ക്കാലത്ത് വന്ന പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി, വി.ടി ഭട്ടതിരിപ്പാട് കേരളീയന്‍തുടങ്ങി മറ്റു നിരവധി പേര്‍ ഗുരു ചിന്തയെ “തൊഴിലാളി വര്‍ഗ ചിന്ത”യായി മൊഴിമാറ്റം ചെയ്തുവെങ്കിലും കാതല്‍ ഒന്നു തന്നെ. ഇവരൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗുരുവിന്റെ പിന്‍ഗാമികളായിരുന്നു. ജാതിമത ചിന്തകള്‍ക്കധീതമായി ഒരു സ്വര്‍ഗലോകം കെട്ടിപ്പടുക്കുകയെന്ന ഗുരു ചിന്തക്കു പകരം സാമ്പത്തിക അസമത്വങ്ങള്‍ക്കധീതമായ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യമായിരുന്നു ഇടതു പക്ഷ വാദികളുടെ ലക്ഷ്യം. ഇതിന് തൊഴിലാളികളുടെ കരുത്തിനും കര്‍ഷകന്റെ സംഘബലത്തിനുമൊപ്പം സാഹിത്യ ലോകത്തിന്റെ പിന്‍തുണയുമായി പുരോഗമന കലാ സാഹിത്യ സംഘം കുടി മുന്നോട്ടു വന്നു. വിജ്ഞാനത്തിനു വേണ്ടിയുള്ള കല എന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സംവാദം കല കലക്ക് വേണ്ടിയല്ല, ജീവിതത്തനുവേണ്ടി എന്ന നിലയില്‍ തിച്ചെഴുതപ്പെട്ടു. ബുര്‍ഷ്വാ ജനാധിപത്യ ഭരണ സംവിധാനത്തിന്റെ തലപ്പുറത്തിരുന്നു വര്‍ഗരഹിത സോഷ്യലിസ്റ്റ് ജനകീയ ജനാധിപത്യ സംവിധാനത്തിലുടെ ഭുമിയില്‍ സ്വര്‍ഗം പണിയാമെന്ന് ഗുരുവിന്റെ പിന്‍മുറക്കാരായ പുരോഗമന വാദികള്‍ ആശിച്ചു. ആ ചിന്താഗതിക്ക് കരുത്ത് പകര്‍ന്ന രണ്ട് സോഷ്യലിസ്റ്റ് വാദികളായിരുന്നു ഷപ്പൂര്‍ജി സക്ലത്ത് വാലയും,വില്യം ഗാലാക്കറും. ഇവരിരുവരും മുതലാളിത്ത വ്യവസ്ഥയുടെ ശ്രികോവിലായ ബ്രിട്ടിഷ് പാര്‍ലിമെന്റിലെ രണ്ട് കമ്യൂണിസ്റ്റ് മെമ്പര്‍മാരായിരുന്നു. മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നു കൊണ്ടുള്ള വിപ്ലവ സമരം ഏതു കാലാവസ്ഥയിലും വിപ്ലവം സാധ്യമാക്കുമെന്ന് അവര്‍ അനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തി. ബൂര്‍ഷ്വാ കോടതികളെയും തൂക്കുമരത്തേയും വിപ്ലവകാരികള്‍ തങ്ങളുടെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കായി പ്രയോചനപ്പെടുത്താന്‍ കഴുമരത്തിന് കഴുത്തു നീട്ടിക്കൊടുത്തു വെങ്കിലും, വിപ്ലവം ജയിക്കാന്‍ ബുര്‍ഷ്വാ ജനാധിപത്യ പ്രകൃയ്യ നിലനില്‍ക്കുമ്പോള്‍ കഴുമരവും ഒരു സ്വാഭാവിക പ്രതിഭാസം മാത്രമാണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്വികാചാര്യന്‍ ഇ.എം.എസ്. വിലയിരുത്തി. ഇങ്ങനെ കമ്യുണിസ്റ്റ് പാര്‍ട്ടിക്ക് ബാലറ്റിലുടെ മുതലാളിത്ത ഭരണം കൈവശപ്പെടുത്താന്‍ തൂക്കിലേറാന്‍ തയ്യാറായവരില്‍ പ്രധാനിമാരാണ് നമ്മുടെ അയല്‍പക്കത്തുള്ള മഠത്തില്‍ അപ്പുവും, അബുബക്കറും ചുരുകണ്ടനും മറ്റു സുഹൃത്തുകളും . ഇതിന്റെ ഒക്കെ ഫലമായി വിപ്ലവ പാര്‍ട്ടികള്‍ക്ക് പാര്‍ലിമെന്ററി ജനാധിപത്യം വഴങ്ങും എന്ന് സാര്‍വത്രികമായി വിലയിരുത്തപ്പെട്ടു. പുരോഗമന പ്രസ്ഥാനം തെരെഞ്ഞെടുപ്പ് പ്രകൃയ്യയിലുടെ ബുര്‍ഷ്വാ ജനാധിപത്യത്തിലേക്ക് എടുത്തെറിയപ്പെട്ടതിന്റെ രണ്ട് ഘടകങ്ങളാണിവ. എന്നാല്‍ ഈ ആശയങ്ങളുമായി മുമ്പോട്ടു പോയവരൊക്കെ ഭുമിയില്‍ സ്വര്‍ഗം പണിയാനാവുമെന്ന കടമ പുതു തലമുറയെ ഏല്‍പ്പിച്ച് വിണ്ണിലെ സ്വര്‍ഗത്തിലേക്ക് തിരിച്ചു നടന്നു. ഗുരുവില്‍ നിന്നും ആരംഭിച്ചതും, പുരോഗമപ്രസ്ഥാനം വഴി തഴച്ചു വളര്‍ന്നതുമായ നവോദ്ധാന ഇടുതു പക്ഷ ആശയഗതികള്‍ സവര്‍ണ്ണരില്‍ മേലാളന്മാരില്‍ നിന്നും നാട്ടു മുതലാളിമാരിലേക്കുള്ള അധികാര കൈമാറ്റമായി മാത്രമേ നടന്നുള്ളു. പുതുതായി രുപപ്പെട്ട മുതലാളി മേധാവിത്വ ഭരണത്തിനു മുമ്പില്‍ ഇടതു പക്ഷ പ്രത്യയ ശാസ്ത്രങ്ങള്‍ ഗുരുദര്‍ശനത്തോടൊപ്പം ( രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ തന്നെ) അന്ധാളിച്ചു നില്‍ക്കുന്ന കാഴ്ച്ചയാണ് ഗുരുദര്‍ശനത്തിന്റ സ്ഥിതി സമത്വം ചര്‍ച്ചക്കെടുക്കുമ്പോള്‍ ലേഖകനെ തുറിച്ചു നോക്കുന്നത്.

മാര്‍ക്‌സും (1818-1883 ഗുരുവും (1856-1928) പറഞ്ഞത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു തന്നെയാണ് . ഭാഷ ഏതായാലും ആശയം ഒന്നു തന്നെ. ആധുനിക സാമ്പത്തികവല്‍ക്കരണത്തിന്റെ കുത്തൊഴുക്കില്‍ ഇവ ഒലിച്ചു പോവുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന അധികാരങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഗുരു ദര്‍ശനത്തെ നോക്കിക്കാണുമ്പോള്‍ ഇന്ന് പ്രസക്തമാകുന്നത് ജാതിയും മതത്തിനുമപ്പുറം സാമ്പത്തിക കേന്ദ്രീകരണമാണ്. ഗുരുവിന്റെ കാലത്ത് ഇത് മേലാളന്മാരുടെ കൈവശമായിരുന്നെങ്കില്‍ ഇന്നത് ആധുനിക മുതലാളിത്തത്തിന്റെ കൈകളിലാണ്. അത് യഥേഷടം എടുത്ത് ചിലവഴിക്കാനും, വിഹരിക്കാനും അവര്‍ക്ക് ഭരണഘടന സ്വാതന്ത്യം നല്‍കുന്നു . ആദര്‍ശങങളല്ലാ രാജ്യത്തിനു വേണ്ടത് ചുങ്കം മാത്രം. ആധുനിക മുതലാളിത്ത കോയ്മകള്‍ക്കെതിരെ ആശയ സമരത്തിന് ഇവിടെ ഗുരു പുനരവതരിക്കേണ്ട സമയം അതിക്രമിച്ചു. കായികബലം കൊണ്ട് പാവപ്പെട്ടവന്റെ മാനം കാത്ത അയ്യങ്കാളിമാര്‍ സര്‍ക്കാരന്റെ ബലപ്രയോഗങ്ങളാകുന്ന പോലീസിന്റെയും പട്ടാളത്തിന്റെയും കോടതികളുടെയും തടവറയിലാണ്. ബിനയക് സെന്‍ ആധുനിക യുഗത്തിലെ അയ്യങ്കാളിയുടെ കരുത്താര്‍ജിച്ചു പുനര്‍ജനിച്ച പാവപ്പെട്ടവന്റെ കണ്ണാണ്. ജാതിമത ചിന്തക്കപ്പുറത്തെത്തി നില്‍ക്കുന്ന സാമ്പത്തിക കേന്ദ്രീകരണത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ പാകത്തിലുള്ള കരുത്ത് പുരോഗമന വാദികള്‍ക്ക് നഷ്ടപ്പെടുന്നു. അവരിലും മുതലാളിത്ത ചിന്ത പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു കയറിയിരിക്കുകയാണ്. ഗുരു ദര്‍ശനം ചര്‍ച്ച ചെയ്യുമ്പോള്‍ ആധുനിക പുരോഗമന വാദത്തില്‍ ഒളിഞ്ഞിരിക്കുന്ന ഗുരുവിന്റെ ആപ്തവാക്യങ്ങളുടെ പൊരുള്‍ ജനമനസില്‍ കെടാവിളക്കായി പ്രതിഷ്ഠിക്കുക എന്നതാണ് സ്ഥിതി സമത്വവാദികളുടെ വര്‍ത്തമാന കാലഘട്ടത്തിലെ കടമയും കര്‍ത്തവ്യവും.
ഗുരു വിഭാവനം ചെയ്ത ദര്‍ശനത്തിന്റെ സ്ഥിതി സമത്വത്തിലേക്കുള്ള പാത വെട്ടിതെളിക്കാന്‍ ഇറങ്ങി പുറപ്പെടുന്ന സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളോടായി ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹമുണ്ട്.

ഗുരു വിഭാവന ചെയ്ത മതം ഇപ്പോള്‍ ജാതി മത വൈരുദ്ധ്യങ്ങള്‍ക്കപ്പുറത്ത് അഴിമതിയിലെത്തി നില്‍ക്കുന്നു. ഗുരുവിന്റെ ശ്രികോവിലില്‍ പ്രാകാശിച്ചിരുന്ന വിജ്ഞനാത്തിന്റെ കെടാവിളക്ക് ഇപ്പോള്‍ അഴിമതിയുടെ എണ്ണ ഒഴിച്ച് കരിം തിരിയായി കത്തിക്കൊണ്ടിരിക്കുന്നു. അതിനു മുമ്പിലെ ദേവന്‍ ധനമാണ്. കരിന്തിരി കത്തുന്ന അഴിമതി ശിവന്മാരെ (ഈഴവ ശിവന്‍ കാലഹരണപ്പെട്ടതായി നാം കണ്ടു) പ്രതിഷ്ഠിച്ചിരിക്കുന്നിടമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. അതിലെ ജീവനക്കാര്‍ കൈകൂലികളുടെയും അഴിമതിയുടേയും പൂജാരിമാരാകുന്നു. ഇവരെ സ്വച്ഛന്തം വിഹരിക്കുന്നതിന് ഒരു ജാതിയും ഒരു മതവും ഒരു ദൈവവും തടസ്സപ്പെടുത്തുന്നില്ല. കുഞ്ചന്‍ നമ്പ്യാരുടെ ഈരടികള്‍ കടമെടുത്താല്‍ “നമുക്കും കിട്ടണം പണം” എന്നു മാത്രം. ജാതിയും മതവും സമ്പത്തിനു മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നു. അവ പരസ്പരം ഇണ ചേരുന്നു. സമ്പത്തിനപ്പുറം സാഹോദര്യ ബന്ധം പോലുമില്ല. നമുക്കിടയില്‍ ഇരുട്ടാണ് പ്രകാശിക്കുന്നത്. മനുഷ്യ മനസ്സില്‍ കത്തുന്നതും ഇരുട്ടു മാത്രം. പണമില്ലാത്തവന്‍ ഏതു ജാതിക്കാരനായാലും ഉച്ഛാടനം ചെയ്യപ്പെടുന്നു. അവന്‍ പടിക്ക് പുറത്ത്. അവന്റെ കുമ്പിളില്‍ കഞ്ഞി പകരാന്‍ മുന്നോട്ടുവരുന്ന സാമുഹ്യ പ്രവര്‍ത്തകര്‍ മരിച്ചു കൊണ്ടിരിക്കുന്നു. മരിച്ചവര്‍ പുതു തലമുറയായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് അഴിമതിയുടെ കളി തൊട്ടിലില്‍ കിടന്നാണ്.

പല മതങ്ങള്‍ ഒരു മതമാവാനും പല ജാതികള്‍ ഒരു ജാതിയാവാനും ഒരു പ്രസ്ഥാനവും ആഹ്വാനം ചെയ്യപ്പെടുന്നില്ല. സ്വാതന്ത്യ സമര കാലത്ത് ദില്ലിയിലെ ജു:മാമസ്ജിദില്‍ (ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ദേവാലയം) ജുമാ നിസ്‌ക്കാരത്തിന് ശേഷം ഹിന്ദു സന്യാസിമാര്‍ പ്രസംഗിച്ചിട്ടുണ്ട്. ഇന്ന് ഏതെങ്കിലും മസ്ജിദില്‍ കാവി വസ്ത്രം കയറ്റുമോ? കള്ളി മുണ്ടുടുത്ത് ഹിന്ദുക്കള്‍ക്ക് പോലും ദര്‍ശനം നടത്താന്‍ കഴിയുന്ന ദേവാലയമുണ്ടോ? അന്ധമായ ഭക്തി മുത്ത് മലയകയറുന്നവരെ ഭക്തി വ്യവഹാരത്തില്‍ നിന്നും പിന്‍തിരിപ്പിക്കാനും അവിടെ പ്രകാശിക്കുന്നത് ജ്യോതിയല്ല, അന്ധവിശ്വാസത്തിന്റെ കുരിരുട്ടാണെന്ന് ഉറക്കെ പറയാനും നാരായണ ഗുരുവിനേപ്പോലുള്ളവര്‍ ഉദയം ചെയ്യുന്നില്ല. അയല്‍ക്കാരനേക്കാള്‍ സുഖവും സന്തോഷത്തോടും കുടി ജീവിക്കാന്‍ അയല്‍ക്കാരന്‍ നശിച്ചേ മതിയാവു. ഇശ്വര സേവ നശിപ്പിക്കാനും നേടാനുമുള്ള സേവയായി അധ:പ്പതിക്കുന്നു. ആ ലക്ഷ്യം പ്രാപ്തമാക്കാന്‍ വേണ്ടി അമ്പലങ്ങളില്‍ നേര്‍ച്ച നേരുന്നു. ദോഷം വരുത്താന്‍ ഒരു വിഭാഗവും പരിഹരിക്കാന്‍ മറ്റൊരു വിഭാഗവും ദൈവഭക്തിയെ മറയാക്കുന്നു.
ഇതിന്റെ മറുവശമാണ് മതവൈര്യവും അതുയര്‍ത്തി വിടുന്ന കലാപങ്ങളും. എവിടെ കലാപമുണ്ടാകുന്നുവോ അവിടെ ആദ്യമെത്തുന്ന മരണം മതത്തിന്റെ വകയായിരിക്കും. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അടുപ്പമായിരുന്നു ഗുരു പഠിപ്പിച്ചത്. ഇപ്പോള്‍ ഏറ്റവും വലിയ അകല്‍ച്ചയും അവ തന്നെ.
ഹിന്ദുത്വം എന്നു പറഞ്ഞു ഹിന്ദുക്കളെ ഭയപ്പെടുത്തേണ്ടെന്ന് ഗുരു പറഞ്ഞിരുന്നു. പുരാണങ്ങളിലും, ഉപനിഷത്തുകളിലും, ബ്രഹ്മസുത്രത്തിലും എന്തിനേറെ ഗീതയില്‍ പോലും ഹിന്ദുവെന്ന പദമില്ല.ഹിന്ദു മതമല്ല ഉദാത്തവും അനിര്‍വചനീയവുമായ സംസ്‌ക്കാരസാഗരമാണ്. അതിനകത്ത് എണ്ണിയാലൊടുങ്ങാത്തത്ര മുത്തും പവിഴവുമുണ്ട്. ഏതു മതസ്ഥര്‍ക്കും ഒരു പോലെ അതില്‍ ആര്‍ത്തു തിമിര്‍ക്കാം. സാധിക്കുന്നത്രയും അതിലതികവും വിജ്ഞാനദാഹമകറ്റാം. മതവും അതിനകത്തെ ജാതിയും ഉപജാതിയും മനുഷ്യനെ അടിമയാക്കാന്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. അടിമച്ചങ്ങല പൊട്ടിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും സമ്പത്തിന്റെ ഭാഷ സംസാരിക്കുന്ന പുതിയ വെല്ലുവിളികള്‍ മുതലാളിത്ത കേന്ദ്രീകരമായി പല്ലിളിച്ചു കാണിച്ച് പിറകെ വരുന്നു.

ഗുരുവിന്റെ ദര്‍ശനം നടപ്പില്‍ വരുത്താന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് സ്വജീവിതത്തില്‍ ത്വജിക്കേണ്ടതായി പലതുമുണ്ടെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്താനുള്ള കഴിവുകളുടെ പരിമിതിയില്‍ നിന്നും കൊണ്ടും, “സംഘടന കൊണ്ട് ശക്തരാവാനുള്ള” ഗുരു വചനം ഉരുവിട്ടു കൊണ്ടും ഗുരുവിന്റെ സന്ദേശമുള്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സമിതിക്കു മുമ്പില്‍ ഇത് സമര്‍പ്പിക്കുന്നു.

പ്രതിഭാ രാജന്‍,












ogle

Google

Google