Saturday 26 December 2015


വഴിയോരക്കാഴ്ച്ചകള്‍ … പ്രതിഭാരാജന്‍

ഒന്നാം പാര്‍ട്ടി പ്ലീനത്തിന്റെ സൈദ്ധാന്തിക കാരണങ്ങള്‍

മുന്നേമുക്കാല്‍ പതിറ്റാണ്ടിനു ശേഷം നേരെ ഇതാദ്യമായി സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ പ്ലീനം കല്‍ക്കത്തയില്‍ ചേരുകയാണ്. ഇത് നടക്കുമ്പോള്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ മുന്‍ കാല പ്ലീനങ്ങള്‍ ചേരാനുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളുടെ  ചരിത്രം ഓര്‍ത്തു വെക്കുന്നത് നന്ന്.

1957ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ ലോകത്താദ്യമായി ബാലറ്റിലുടെ ഒരു മന്ത്രിസഭ കേരളത്തില്‍ അധികാരത്തിലെത്തിയല്ലോ. തൊഴിലാളി വര്‍ഗത്തിന്റെ സര്‍വ്വാധിപത്യം മുഖ്യ അജണ്ടയായി മുന്നോട്ടു പോകേണ്ടുന്ന വിപ്ലവ പ്രസ്ഥാനങ്ങള്‍ ഇവിടെ ബാലറ്റിലുടെ ഒന്നില്‍ കുടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണകുടമുണ്ടാക്കുകയും, ഹിന്ദി ബെല്‍റ്റുകളില്‍ - പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ റെയില്‍വ്വേ തൊഴില്‍ രംഗങ്ങളില്‍, ആന്ധ്രയിലൊക്കെ - ഉയര്‍ന്ന തൊഴിലാളി പ്രസ്ഥാനങ്ങളായി ഉയര്‍ന്നു വരുന്ന കാലം. ലോക കമ്മ്യൂണിസ്റ്റ് - വിപ്ലവ - പ്രസ്ഥാനങ്ങള്‍ക്ക് പൊതുവെ അപരിചിതമാണ് ബാലറ്റ് സര്‍ക്കാരുകള്‍. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശുദ്ധ മാര്‍ക്‌സിയന്‍ ലെനിനിസ്റ്റ് ചിന്താഗതിയില്‍ നിന്നും വ്യതിചലിച്ച്  ബുര്‍ഷ്വാ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലേക്ക് വഴിമാറ്റപ്പെടുകയാണ്, ഇത് വിപ്ലവത്തിന്റെ നാശത്തിനാണ് വഴിവെക്കുകയെന്ന് ചൈനീസ് പാര്‍ട്ടി വിലയിരുത്തപ്പെട്ടു. ചൈനീസ് രീതിയോട് ക്രമപ്പെട്ട ഒരു സംഘം തീവ്ര വിപ്ലവ ചിന്തകരും അക്കാലത്ത്  ഉടലെടുത്തു. അവരാണ് പിന്നീട്  നക്‌സല്‍ പ്രസ്ഥാമുണ്ടാക്കി സമത്വം വിപ്ലവത്തിലുടെ എന്ന ഉന്മുലന സിദ്ധാന്തത്തിനു രൂപം കൊടുത്തത്.  ഇ.എം.എസ് അടക്കമുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച മാര്‍ക്‌സിയന്‍-ലെനിസ്റ്റ് ആശയം ജനാധിപത്യത്തിലുടെ നടപ്പിലാക്കാന്‍ ബാലറ്റിനെ ഉപയോഗപ്പെടുത്തുന്ന രീതി നക്‌സല്‍ തീവ്ര വിപ്ലവ ഗ്രൂപ്പിനു ദഹിക്കാതെ വന്നപ്പോള്‍ ചൈന ഇന്ത്യന്‍ മാര്‍ക്‌സിസത്തെ വിശേഷിപ്പിച്ച റിവിഷണിസ്‌റുകള്‍ എന്ന പേരില്‍ ചാരുമഞ്ചുദാര്‍ അടക്കമുള്ള നക്‌സല്‍ ബാരികള്‍ ഇന്ത്യന്‍ മാര്‍ക്‌സിസത്തിന്റെ വിപ്ലവബദലുകളായി രുപപ്പെട്ടു തുടങ്ങി. ചൈനയുടെ നിലപാടിനോടും നക്‌സല്‍ പ്രസ്ഥാനത്തെയും തള്ളിപ്പറഞ്ഞു കൊണ്ട് എതിര്‍ ചേരിയില്‍ സോവിയറ്റ് യുണിയന്‍ ഇന്ത്യന്‍ ശൈലിയോടൊപ്പം ചേര്‍ന്നു.

സ്വാതന്ത്ര സമരം, നാട്ടുരാജഭരണ പീഡനം ജാതീയത, തുടങ്ങി ഇന്ത്യന്‍ ജനത  നിരവധി പോരാട്ട വീര്യങ്ങളിലുടെ കടന്നു പോയിട്ടുണ്ടെങ്കിലും പൊതുവേ സമാധാന പ്രേമേികളായിരുന്നു. പീഡിതരായിട്ടു പോലും  തീവ്ര വിപ്ലവക്കാരെ ത്യജിച്ച് അവര്‍ മിത വിപ്ലവ പ്രസ്ഥാനമായ സി.പി.എമ്മന്റെ കൂടെ നിന്നു . ഇതിന്റെയൊക്കെ വെളിച്ചത്തില്‍ മാര്‍ക്‌സിസ്റ്റ് ലെനിസ്റ്റ് ചിന്താഗതിക്ക് ഇന്ത്യയില്‍ വേരോട്ടമുണ്ടാകുവാന്‍ മിതപ്പെടുത്തിയ വിപ്ലവമാണ് വേണ്ടതെന്ന  താല്‍പ്പര്യപ്രകാരം 1968ല്‍ അന്നത്തെ മാര്‍ക്‌സിറ്റ് കമ്മ്യൂണിസ്റ്റുകാര്‍ ഒരു ലഘുലേഖ അടിച്ചു പുറത്തിറക്കി. 'ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എങ്ങനെ വളരണം' എന്നതായിരുന്നു അതിന്റെ കാതല്‍. ആ ലഘുലേഖ പൊതുവെ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട സൈദ്ധാന്തിക രേഖയായി മാറിയതാണ് പിന്നീട് 1968 ല്‍ ബംഗാളിലെ ബര്‍ദ്വനില്‍ പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി പ്ലീനത്തിനു കാരണമായത്.  അതോടെ പാര്‍ട്ടി അനുവര്‍ത്തിക്കേണ്ടുന്ന അടവുനയങ്ങള്‍ക്ക് ഒരു അടിസ്ഥാന രേഖയായി അത് മാറി. ലോകോത്തര - പ്രത്യേകിച്ച് സോവിയറ്റ് യുണിയന്‍, ചൈന - രാജ്യങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെ വിപ്ലവം കൊണ്ടുവരാന്‍ സാധിക്കുമെന്ന ആശങ്കയ്ക്കുള്ള അടവു നയ രൂപീകരണമായിരുന്നു ബര്‍ദ്വനില്‍ നടന്ന ആദ്യ പ്ലീനം.

ഈ പ്ലീനം മുന്നോട്ടു വെച്ച സമവായവും, സന്ധിച്ചേരലും പോലുള്ള മിതവിപ്ലവ ചിന്തയെ എതിര്‍ക്കാന്‍ ചൈന മുന്നോട്ടു വന്നു. അവര്‍ ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തെ കണക്കിനു ശകാരിച്ചപ്പോള്‍ വരട്ടു തത്വവാദികളെന്ന് ആക്ഷേപിച്ച പാര്‍ട്ടി  നേതൃത്വം പ്ലീനത്തില്‍ എടുത്ത മിത സമീപനത്തോട്  കലി പുണ്ട് ചൈനീസ് ലൈനിനെ പ്രണയിച്ച ഒരു വിഭാഗമാണ് നക്‌സല്‍ പ്രസ്ഥാനങ്ങള്‍ക്ക് രുപം നല്‍കിയത്. സമത്വവും തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തിനും വേണ്ടി ആദ്യം ചെയ്യേണ്ടത്  കാശു കെട്ടിവെച്ചിരിക്കുന്നവനേയും, ജന്മിമാരേയും ഉന്മുലനം ചെയ്യുക എന്ന നയവുമായി നക്‌സലൈറ്റുകാര്‍ നിരോധിത ഗ്രൂപ്പായി മാറി. വസന്തത്തിന്റെ ഇടിമുഴക്കത്തിനായി അവര്‍ കാത്തു നിന്നു. അജിതയുടെ പോലീസ് സ്‌റ്റേഷന്‍ ആക്രമണവും മറ്റും വായനക്കാര്‍ ഓര്‍ത്തെടുക്കുമല്ലോ. 1968ലെ പ്ലീനം സ്വീകരിച്ച നയം വഴി കരുത്തും ശക്തിയും കിട്ടിയ ജനാധിപത്യ വിശ്വാസികളായ സി.പി.എമ്മുകാര്‍ക്ക് പിന്നീട് ബോദ്ധ്യമായതില്‍ ഏറ്റവും പ്രധാനം ജനാധിപത്യ വോട്ടെടുപ്പ് പ്രകൃയ്യയിലുടെ തൊഴിലാളി വര്‍ഗത്തിനുള്ള സര്‍വ്വാധിപത്യം അസാദ്ധ്യമെന്നു തന്നെയാണ്. ഇന്നു കാണുന്ന മാര്‍ക്‌സിയന്‍ അവസ്ഥയും, പുതിയ പ്ലീനം ചര്‍ച്ച ചെയ്യുന്നതും പറ്റിയ പിശകുകളില്‍ തിരുത്തലുകള്‍ വരുത്താനുള്ളതായി മാറുന്നതവിടെയാണ്. പറഞ്ഞാല്‍ അനുസരിക്കാത്തവരെ വകവരുത്തുക എന്ന ടി.പി പരീക്ഷണം സി.പി.എമ്മിനകത്ത് ഇനിയും ബാക്കിയുള്ള കമ്മ്യൂണിസത്തിനകത്തെ നക്‌സല്‍-സ്റ്റാനിലിസ്റ്റ് ജീനുകളാണെന്നും കണ്ണൂര്‍ ലോബിയില്‍ നിന്നും ഇപ്പോഴും പൂര്‍ണമായും ഇതൊഴിവായിട്ടില്ലെന്നും, തീര്‍ത്താലും തീരാത്ത വിഭാഗീയതയ്ക്ക് പിന്നിലും, തീവ്ര-മിത വിപ്ലവ ചിന്തയുടെ അവശേഷിപ്പു തന്നെയാണെന്നും  ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും.

പിന്നീട് നടന്ന പ്ലീനം അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1978 ഡിസംബര്‍ 27 മുതല്‍ 31 വരെ ഹൗറയിലെ സാല്‍ക്കിയയില്‍ വെച്ചായിരുന്നു. സാല്‍ക്കിയ പ്ലീനമെന്ന് അതറിയപ്പെട്ടു. അതിലേക്ക് പാര്‍ട്ടി എത്തിച്ചേരാനുണ്ടായ കാരണങ്ങളെക്കുറിച്ച് പിന്നീട് വരാം.

പ്രതിഭാരാജന്‍



No comments:

Post a Comment